പൊന്നാനിയിലെ സി.പി.എമ്മിനെ കടന്നാക്രമിച്ച് സി.പി.ഐ.
എരമംഗലം : സി.പി.എം. പൊന്നാനി നേതൃത്വത്തിനെതിരേ നിശിത വിമർശനങ്ങളുമായി സി.പി.ഐ. ലോക്കൽ സമ്മേളന പ്രതിനിധികൾ. പൊന്നാനി നിയോജകമണ്ഡലത്തിൽ കോൺഗ്രസ്, മുസ്ലിം ലീഗ് പാർട്ടിയെക്കാളും
ശത്രുതയോടെയാണ് സി.പി.എം. പ്രാദേശിക നേതൃത്വം സി.പി.ഐ.യെ കാണുന്നതെന്ന് വെളിയങ്കോട് ഈസ്റ്റ് സമ്മേളന പ്രതിനിധികൾ കുറ്റപ്പെടുത്തി.
ഒരുകാര്യത്തിലും മുന്നണിയെന്നനിലയിൽ ഒരു കൂടിയാലോചനകളും നടത്തുന്നില്ല. സി.പി.എം. ഒറ്റയ്ക്കാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ മൂന്ന്, ഒമ്പത് വാർഡുകളിൽ സി.പി.ഐ.
സ്ഥാനാർഥികളെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവെന്നും ബ്രാഞ്ച് പ്രതിനിധി ആരോപിച്ചു. ഒമ്പതാം വാർഡിൽ ജില്ലാപഞ്ചായത്ത് സ്ഥാനാർഥിയായ സി.പി.എം. പ്രതിനിധിക്ക് ഇരുനൂറിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായപ്പോൾ വാർഡ് സ്ഥാനാർഥിയായ സി.പി.ഐ. പ്രതിനിധി വിജയിച്ചത് ഒമ്പത് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടി 2 നേതൃത്വം സഹകരിച്ചപ്പോഴും സി.പി.എം. നേതൃത്വം മുഖംതിരിക്കുകയായിരുന്നു.
ഇതിന്റെ ഫലമായാണ് എരമംഗലം
മേഖലയിൽ കോൺഗ്രസ് ശക്തരായതും പഞ്ചായത്ത് ഭരണംയു.ഡി.എഫിന്റെ കൈകളിലേക്കെത്തിയതെന്നും പ്രതിനിധികൾകുറ്റപ്പെടുത്തി.പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട അട്ടപ്പാടി മഞ്ചിക്കണ്ടി മാവോവാദികൾക്കും അനുശോചനംരേഖപ്പെടുത്തിയായിരുന്നു
സമ്മേളനത്തിലെ രക്തസാക്ഷി പ്രമേയം. മാവോവാദി നേതാക്കളായ അരവിന്ദ്, കാർത്തിക്, രമ, മണിവാസക എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞാണ് അനുശോചനം അറിയിച്ചത്. എ.ഐ.വൈ.എഫ്. ജില്ലാകമ്മിറ്റിയംഗവും സി.പി.ഐ ലോക്കൽ കമ്മിറ്റിയംഗവുമായ തവയിൽ ഷാഫിയാണ് പ്രമേയം അവതരിപ്പിച്ചത്.ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ്വിശ്വം സമ്മേളനം ഉദ്ഘാടനംചെയ്തു. രാജ്യത്ത്
സംഘപരിവാർ ശക്തികൾ ജനാധിപത്യം കുഴിച്ചുമൂടാൻ ശ്രമിക്കുന്ന വർത്തമാനകാലത്ത് കമ്യൂണിസ്റ്റ് ചേരിയും ജനാധിപത്യ മതേതര കക്ഷികളും ഒരുമിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാസെക്രട്ടറി പി.കെ. കൃഷ്ണദാസ് സംഘടന റിപ്പോർട്ടും ലോക്കൽ സെക്രട്ടറി ടി.കെ. ഫസലുറഹ്മാൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ എ.കെ. ജബ്ബാർ, പി.പി. ഹനീഫ, എം.കെ. മുഹമ്മദ് സലീം, സുബൈദ ബക്കർ, സീന രാജൻ, ഷാഫി തവയിൽ, കെ.എം. കൃഷ്ണകുമാർ, സെയ്ത് പുഴക്കര എന്നിവർ പ്രസംഗിച്ചു. സി.പി.ഐ. വെളിയങ്കോട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ടി.കെ. ഫസലുറഹ്മാനെയും അസി. സെക്രട്ടറിയായി പി. പ്രബിതയെയും തിരഞ്ഞെടുത്തു.