പുള്ളുവൻപടിയിൽ വീണ്ടും വയൽ നികത്തൽ
എടപ്പാൾ : സംസ്ഥാന പാതയോരത്ത് പുള്ളുവൻപടിയിൽ നേരത്തേ നിർത്തിവെച്ച വയൽനികത്തൽ വീണ്ടുമാരംഭിച്ചു. ഏതാനും വർഷംമുൻപ് വയൽ നികത്തൽ ശ്രമമാരംഭിച്ചെങ്കിലും പരാതിയെത്തുടർന്ന് റവന്യൂ വകുപ്പിടപെട്ട് നിർത്തിവെപ്പിച്ചതായിരുന്നു. പിന്നീട് ഇത് പൂർവസ്ഥിതിയിലാക്കാൻ നടപടിയൊന്നുമുണ്ടായില്ല. ഇതോടെ ഉടമ ഇപ്പോൾ വീണ്ടും മണ്ണടിച്ച് തരംമാറ്റാനുള്ള ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ്.
റവന്യൂ, പഞ്ചായത്ത്-കൃഷി വകുപ്പുകൾക്കെല്ലാം ഇതു കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. 2008-ൽ നെൽവയൽ തണ്ണീർത്തട സംരക്ഷനിയമം വന്നെങ്കിലും വയൽ സംരക്ഷിക്കാനോ തരംമാറ്റിയവ പൂർവസ്ഥിതിയിലാക്കാനോ ഉള്ള നടപടികളൊന്നും കാര്യക്ഷമമായില്ല.
അതിനുശേഷം 2008-ന് മുൻപ് നികത്തിയിട്ടും ഡേറ്റാബാങ്കിലുൾപ്പെടുത്താത്തവ നിശ്ചിത തുകയടച്ച് സാധൂകരിക്കാമെന്ന് 2018-ൽ ഭേദഗതി വന്നു. ഇത് നടപ്പാക്കാനായി പുതിയ ജീവനക്കാരെ താത്കാലികമായി നിയമിച്ചു, വാഹനങ്ങളും കംപ്യൂട്ടറുകളും അനുബന്ധ സൗകര്യങ്ങളുമെല്ലാമൊരുക്കി. അതോടെ വയൽ സംരക്ഷണത്തെക്കാൾ നിയമം വന്നശേഷം നികത്തിയവപോലും ഈ ഭേദഗതിപ്രകാരം ക്രമപ്പെടുത്താനുള്ള നടപടികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ മറപിടിച്ച് ക്രമപ്പെടുത്തിക്കിട്ടാനായാണ് പുള്ളുവൻപടിയിലടക്കം നിരവധി വയലുകൾ ഇപ്പോഴും തരംമാറ്റിക്കൊണ്ടിരിക്കുന്നത്.