കൊല്ലത്ത് ഡോക്ടറെ മര്‍ദിച്ച സംഭവം; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍.
കൊല്ലം ശാസ്തംകോട്ട താലൂക്ക് ആശുപത്രിയില്‍ സര്‍ക്കാര്‍ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അറസ്റ്റില്‍. ശ്രീകുമാര്‍ അടക്കം ഏഴു പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നത്. അതിനിടെ ആക്രമണത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ആശുപത്രി സൂപ്രണ്ടിനോട് ഭീഷണി മുഴക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. പത്മാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീകുമാര്‍ ഡിസ്ചാര്‍ജ് ആയതിന് പിന്നാലെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ ശ്രീകുമാറിന് പുറമെ ഡി.സി.സി ജനറല്‍ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാര്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിതിന്‍ കല്ലട എന്നിവരെയും കണ്ടാലറിയുന്ന നാലുപേരെയുമാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്. ആക്രമണവുമായി ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ഷഹാന മുഹമ്മദ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ഒ.പി ബഹിഷ്‌കരിച്ച് ആശുപത്രി ജീവനക്കാര്‍ നടത്തിയ സമരം അവസാനിപ്പിച്ചു.