കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരണം രണ്ടായി.നേരത്തെ നാട്ടുകാരും അഗ്നിശമന സേനയും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വൈകിട്ട് അഞ്ച് മണിയോടെ ഉളർവട്ടം കടവിലും ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൂക്കോട്ടുംപാടത്തെ ടികെ കോളനി പുഴയിലുമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. പെട്ടെന്നുണ്ടായ കുത്തൊഴുക്കിൽ അഞ്ച് പേർ അകപ്പെട്ടു. ഇവരിൽ മൂന്നുപേരെ രക്ഷപ്പെടുത്തി.അപകടസമയത്ത് പുഴയോരത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും വനമേഖലയിലുണ്ടായ കനത്ത മഴയാണ് പുഴയിൽ പെട്ടെന്ന് ഒഴുക്കും ജലനിരപ്പും ഉയരാൻ കാരണമായത്.സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങൾ കണ്ട് നിരവധി വിനോദസഞ്ചാരികൾ എത്തുന്ന മേഖലയാണ് കോട്ടപ്പുഴ. പാറക്കെട്ടുകൾ നിറഞ്ഞ പുഴയിൽ അപകടസാധ്യതയും ഏറെയാണ്.