അർബൻ നിധി തട്ടിപ്പ്: ചങ്ങരംകുളം സ്വദേശി അടക്കം മുഖ്യപ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി
അർബൻ നിധി നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ ഡയറക്ടർമാരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. കേസിലെ ഒന്നുമുതൽ മൂന്നുവരെ പ്രതികളായ തൃശ്ശൂർ വരവൂരിലെ കെ.എം.ഗഫൂർ (46), തൃശ്ശൂരിലെ ആന്റണി സണ്ണി (45), മലപ്പുറം ചങ്ങരംകുളം ഷൗക്കത്തലി (43) എന്നിവരെയാണ് തലശേരി സെഷൻസ് കോടതി അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി.മധുസൂദനൻ നായരുടെ നേതൃത്വത്തിലാണ് പ്രതികളെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കസ്റ്റഡിയിൽ വാങ്ങിയത്. കേസ് ഏറ്റെടുത്തശേഷം ആദ്യമായാണ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങുന്നത്. ഇതിനായി കഴിഞ്ഞദിവസം അപേക്ഷ സമർപ്പിച്ചിരുന്നു. അടുത്തദിവസം തൃശ്ശൂരിലും മലപ്പുറത്തും എത്തിച്ച് തെളിവെടുക്കും.
മൂവരെയും ഒന്നിച്ചും പ്രത്യേകമായും ചോദ്യംചെയ്തു. പ്രതികളുടെ ബിനാമി അക്കൗണ്ടുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. എങ്കിൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാകുകയുള്ളൂവെന്നാണ് അന്വേഷണസംഘം പറയുന്നത്. ഡയറക്ടർമാരുടെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ നടന്ന ഇടപാടുകൾ, അക്കൗണ്ടുകളിലേക്ക് വന്ന പണത്തിന്റെ കണക്ക് എന്നിവയുടെ പരിശോധന ആരംഭിച്ചു. സുഹൃത്തുകളുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്.