കുത്തനെ മേലേക്ക്; മലപ്പുറം ജില്ലയിലും പെട്രോൾ വില സെഞ്ചുറിയടിച്ചു
മലപ്പുറം: അങ്ങനെ അതും സംഭവിച്ചു. നമ്മുടെ ജില്ലയിൽ പെട്രോൾ വില സെഞ്ചുറിയടിച്ചു. പെരിന്തൽമണ്ണയിലും കരിങ്കല്ലത്താണിയിലും പ്രീമിയം പെട്രോൾ വില 100 കടന്നു. ഒന്നു തള്ളിയാൽ നൂറിലേക്കു വീഴാനോങ്ങി 99 നും 100നുമിടയിൽ ആടി നിൽക്കുകയാണ് ജില്ലയിലെ മറ്റിടങ്ങളിലെ വില. സാധാരണ പെട്രോളിന്റെ വിലയും ഒരു ഫോറടിച്ചാൽ സെഞ്ചുറി കടക്കും. 95-97 രൂപയാണു ജില്ലയിലെ വിവിധ ഇടങ്ങളിലെ നിരക്ക്. പ്രീമിയൽ പെട്രോളിനു പെരിന്തൽമണ്ണയിൽ 100.23 രൂപയും കരിങ്കല്ലത്താണിയിൽ 100.31 രൂപയുമാണു വില.പ്രീമിയം പെട്രോളിനു ജില്ലയിൽ ആവശ്യക്കാർ കുറവാണ്. അതിനാൽ, പല പമ്പുകളിലും ലഭ്യമല്ല. ബൈക്കിലും കാറിലും പുതുതലമുറ വാഹനം ഉപയോഗിക്കുന്ന സ്ഥിരം ഉപയോക്താക്കൾ മാത്രമാണുള്ളതെന്നു പമ്പുടമകൾ പറയുന്നു. സ്ഥിരമായി ഉപയോഗിക്കുന്നവർക്കു മൈലേജിലുൾപ്പെടെ ഗുണം ലഭിക്കുന്നുണ്ട്. ലോക്ഡൗൺ കാലമായതോടെ പ്രീമിയം പെട്രോളിനു വീണ്ടും ആവശ്യക്കാർ കുറഞ്ഞു. ഇന്ധനമെത്തിക്കാനുള്ള ചെലവുൾപ്പെടെ കണക്കുകൂട്ടി എണ്ണക്കമ്പനികളാണ് ഓരോയിടത്തെയും വില നിശ്ചയിക്കുന്നത്. ഇടപ്പള്ളി, ഫറോക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നാണു മലപ്പുറം ജില്ലയിലെ പമ്പുകളിലേക്കു എണ്ണയെത്തിക്കുന്നത്. അവിടെ നിന്നു ദൂരം കൂടുന്തോറും വിലയും കൂടും. ഒരു കിലോ മീറ്റർ മാത്രം വ്യത്യാസമുള്ള പമ്പുകളിലും ചിലപ്പോൾ വിലയിൽ നേരിയ മാറ്റമുണ്ടാകാം.