Local newsPONNANI

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരുകോടി രൂപയുടെ സ്വര്‍ണവുമായി പൊന്നാനി സ്വദേശി പിടിയിൽ

പൊന്നാനി : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ യാത്രക്കാരൻ പോലീസ് പിടിയിൽ. പൊന്നാനി സ്വദേശി അബ്ദുസലാ(36)മിനെയാണ് 1.656 കിലോഗ്രാം സ്വർണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പിടികൂടിയത്. ഒരുകോടിയോളം രൂപ വിലവരുന്ന സ്വർണം നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചും ഉൾവസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ചുമാണ് ഇയാൾ കടത്തിയതെന്ന് പോലീസ് പറഞ്ഞു.വ്യാഴാഴ്ച പുലർച്ചെ മസ്കറ്റിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് അബ്ദുസലാം കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് രാവിലെ പത്തുമണിയോടെ പുറത്തിറങ്ങിയ ഇയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.

പ്രാഥമിക ചോദ്യംചെയ്യലിൽ തന്റെ പക്കൽ സ്വർണമില്ലെന്നായിരുന്നു മറുപടി. തുടർന്ന് വസ്ത്രവും ശരീരവും പരിശോധിച്ചതോടെയാണ് ഉൾവസ്ത്രത്തിന്റെ ഭാരക്കൂടുതൽ ശ്രദ്ധയിൽപ്പെട്ടത്. ഉൾവസ്ത്രം തൂക്കിനോക്കിയപ്പോൾ 400 ഗ്രാം ഭാരമുണ്ടായിരുന്നു. തുടർന്ന് ഉൾവസ്ത്രം കീറി പരിശോധിച്ചപ്പോളാണ് അകത്ത് പ്രത്യേകപാളിയാക്കി സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചത് കണ്ടെത്തിയത്. 

പിന്നാലെ ആശുപത്രിയിലെത്തിച്ച് നടത്തിയ എക്സറേ പരിശോധനയിൽ ശരീരത്തിനുള്ളിൽ നാല് ക്യാപ്സ്യൂളുകൾ ഒളിപ്പിച്ചതായും കണ്ടെത്തി. 1.25 കിലോയോളം ഭാരമുള്ള നാല് ക്യാപ്സ്യൂളുകളാണ് ശരീരത്തിനുള്ളിലുണ്ടായിരുന്നത്

പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കുമെന്നും തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോർട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു. കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവെച്ച് ഈവർഷം പോലീസ് പിടികൂടുന്ന 21-ാമത്തെ സ്വർണക്കടത്ത് കേസാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button