ഐ ലീഗിന് ഇന്ന് കൊല്‍ക്കത്തയില്‍ കിക്കോഫ്
കൊൽക്കത്ത: ഐ ലീഗ് ഫുട്ബോളിന് ശനിയാഴ്ച കൊൽക്കത്തയിൽ കിക്കോഫ്. ആദ്യ ദിനത്തിൽ മൂന്ന് മത്സരങ്ങൾ നടക്കും.
ലീഗിലേക്ക് തിരിച്ചെത്തിയ കൊൽക്കത്ത ക്ലബ്ബ് മുഹമ്മദൻസ് സ്പോർട്ടിങ്ങും പുതുതായി എത്തിയ സുദേവ മൂൺലൈറ്റ് ഡൽഹിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഉച്ചയ്ക്ക് രണ്ടിന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് കളി.
വൈകുന്നേരം നാല് മണിക്ക് കല്യാണി സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്.സിയും ഐസോൾ എഫ്.സിയും തമ്മിൽ കളിക്കും.
രാത്രി ഏഴ് മണിക്ക് ഇതേ സ്റ്റേഡിയത്തിൽ ഗോകുലം കേരള എഫ്.സിയും ചെന്നൈയിൻ സിറ്റിയും കൊമ്പുകോർക്കും.
11 ടീമുകൾ
കൊൽക്കത്തയിലെ നാല് സ്റ്റേഡിയങ്ങളിലായിട്ടാണ് ലീഗ് നടക്കുന്നത്. 11 ടീമുകളാണ് മത്സരിക്കുന്നത്. സുദേവ ഡൽഹി കോർപ്പറേറ്റ് എൻട്രി വഴി ലീഗിൽ അരങ്ങേറുന്നു. രണ്ടാം ഡിവിഷനിൽ നിന്ന് യോഗ്യത നേടി മുഹമ്മദൻസ് തിരിച്ചെത്തി. കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഇല്ലാതെ ആദ്യമായാണ് ഐ ലീഗ് നടക്കുന്നത്.
ഇത്തവണ കളിരീതിയിൽ മാറ്റങ്ങളുണ്ട്. ആദ്യഘട്ടത്തിൽ എല്ലാ ടീമുകളും പരസ്പരം കളിക്കും. തുടർന്ന് പോയന്റിന്റെ അടിസ്ഥാനത്തിൽ രണ്ട് ഗ്രൂപ്പുകളാക്കിയാണ് രണ്ടാംഘട്ടം നടക്കുന്നത്. ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ ആറ് ടീമുകൾ ചാമ്പ്യൻഷിപ്പ് സ്റ്റേജിലും ബാക്കി അഞ്ച് ടീമുകൾ റെലഗേഷൻ സ്റ്റേജിലും കളിക്കും.
രണ്ട്ഘട്ടങ്ങളിലായി ഏറ്റവും കൂടുതൽ പോയന്റ് ലഭിക്കുന്ന ടീം ചാമ്പ്യൻമാരാകും. വിദേശതാരങ്ങളുടെ എണ്ണം നാലായി കുറച്ചിട്ടുണ്ട്. ഇതിൽ ഏഷ്യൻ താരം നിർബന്ധമാണ്. മാർച്ച് 28 വരെയാണ് ലീഗ്.