ലണ്ടനിൽ കുരുന്നിന് രക്ഷകനായി ചങ്ങരംകുളത്തുകാരൻ; ടെറസിൽ നിന്നും വീണ പെൺകുട്ടിയെ രക്ഷിച്ച് ജസീൽ..
വിദേശത്തുനിന്നും വീണ്ടുമൊരു മലയാളി കരുത്തിന്റെയും കാരുണ്യത്തിന്റെയും ചിത്രം വരുന്നു. ലണ്ടനിലെ ഈസ്തമിൽ താൻ താമസിക്കുന്ന കെട്ടിടത്തിന് തൊട്ടടുത്തുള്ള ഫ്ലാറ്റിന്റെ ടെറസിലെ ജനൽ ഭാഗത്തുനിന്നും അപകടത്തിൽപ്പെട്ട കുരുന്നിന് രക്ഷകനായി മലപ്പുറം ചങ്ങരംകുളം മാന്തടം സ്വദേശി മുഹമ്മദ് ജസീൽ.
സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് ഈ ചെറുപ്പക്കാരൻ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ചത്. മുൻ ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് സുലൈമാൻ മാന്തടത്തിന്റെ മകനാണ് ജസീൽ.
ജസീൽ താമസിക്കുന്ന കെട്ടിടത്തിന് തൊട്ടടുത്താണ് സംഭവം നടന്നത്. മുറിയിൽ വിശ്രമിക്കുകയായിരുന്ന ഇദ്ദേഹം പെട്ടെന്ന് പുറത്ത് ആളുകളുടെ നിലവിളിയും ബഹളവും കേട്ടാണ് ജനൽ വഴി നോക്കിയത്. കെട്ടിടത്തിന്റെ ജനൽ വഴി പുറത്തേക്ക് വീണ ഒരു പെൺകുട്ടി ഭാഗ്യവശാൽ ചുമരിൽ പിടുത്തം കിട്ടി താഴേക്ക് വീഴാതെ തൂങ്ങിനിൽക്കുന്ന അതീവ ഭീതിജനകമായ കാഴ്ചയാണ് കണ്ടത്.
ഒരു നിമിഷം പോലും വൈകാതെ, ഷർട്ട് പോലും ധരിക്കാൻ നിൽക്കാതെ താഴേക്ക് ഓടിയെത്തുകയായിരുന്നു.
ഈ സമയം സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥനും അവിടെ ഓടിയെത്തിയിരുന്നു. എങ്കിലും മുകളിൽ തൂങ്ങിനിന്ന കുട്ടിയുടെ കൈകൾ കുഴഞ്ഞ് പിടിവിട്ടതോടെ കുട്ടി നേരെ താഴേക്ക് പതിക്കുകയായിരുന്നു.
കൃത്യസമയത്ത് താഴെ നിലയുറപ്പിച്ച ജസീലിന്റെ കൈകളിലേക്കാണ് കുട്ടി വന്നു വീണത്. ജസീലിന്റെ സമയോചിതവും അതിസാഹസികവുമായ ഈ ഇടപെടൽ മൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്.
ലണ്ടനിലെ മലയാളി കൂട്ടായ്മകളും നാട്ടുകാരും ജസീലിന്റെ ഈ ധീരമായ പ്രവൃത്തിയെ വലിയ ആദരവോടെയാണ് അഭിനന്ദിക്കുന്നത്.
https://www.instagram.com/reel/DZbs-jJgrYh/?l=1