എന്റെ കേരളം മെഗാ പ്രദർശന-വിപണന മേള മേയ് നാലുമുതൽ പൊന്നാനിയിൽ
April 26, 2023
പൊന്നാനി : സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദർശന-വിപണന മേളയ്ക്ക് മേയ് നാലിന് പൊന്നാനി എ.വി. സ്കൂൾ മൈതാനത്ത് തുടക്കമാകും.ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ മുഴുവൻ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയങ്ങളെ ആസ്പദമാക്കിയാണ് ഒരാഴ്ച നീളുന്ന മേള ആവിഷ്കരിച്ചിരിക്കുന്നത്.ശീതീകരിച്ച ജർമൻ ഹാംഗറിൽ ഒരുക്കുന്ന ഇരുനൂറിലധികം സ്റ്റാളുകളിലായി വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകൾ, സർവീസ് സ്റ്റാളുകൾ, വിപണനസ്റ്റാളുകൾ എന്നിവ സജ്ജമാക്കും. രുചിവൈവിധ്യങ്ങളുടെ ഭക്ഷ്യമേള, ടെക്നോളജി ഡെമോ, സ്പോർട്സ് സോൺ, ചിൽഡ്രൻസ് സോൺ തുടങ്ങിയവയുമുണ്ടാകും. പ്രവേശനം സൗജന്യമാണ്.വിവിധ വകുപ്പുകളുടെ സേവനങ്ങൾ സൗജന്യമായി വളരെ വേഗത്തിൽ ഇവിടെനിന്നു ലഭ്യമാകും. സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന മെഗാ പ്രദർശനം, വ്യവസായവകുപ്പിനു കീഴിലെ എം.എസ്.എം.ഇ. യൂണിറ്റുകൾ, കുടുംബശ്രീ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംതൊഴിൽ സംരംഭങ്ങൾ എന്നിവർ അണിനിരക്കുന്ന വിപണനമേള, ബി ടു ബി മീറ്റ് തുടങ്ങിയവയുണ്ടാകും.മേയ് നാലിന് വൈകീട്ട് നാലരയ്ക്കാണ് ഉദ്ഘാടനസമ്മേളനം. തുടർന്ന് ഏഴിന് സംഗീതസംവിധായകനും ഗായകനുമായ ഹിഷാം അബ്ദുൽവഹാബിന്റെ മ്യൂസിക് ബാൻഡ് അരങ്ങേറും. മേള മേയ് 10-ന് സമാപിക്കും.