എടപ്പാൾ കാളാച്ചാലിൽ യുവതി തൂങ്ങിമരിച്ച സംഭവം: യുവാവ് അറസ്റ്റില്‍
എടപ്പാൾ: കാളാച്ചാലിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തൃപ്പനച്ചി ആക്കാട്ട് കുന്നുമ്മൽ മുഹമ്മദ് ഷഫീക്കിനെ (28) ചങ്ങരംകുളം എസ്.ഐ. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു.
ജനുവരി 12-നാണ് കേസിനാസ്പദമായ സംഭവം. കാളാച്ചാലിൽ താമസിച്ചിരുന്ന അച്ചിപ്രവളപ്പിൽ റഷീദിന്റെ ഭാര്യ ഷഫീല(28)യെയാണ് രാത്രി 11 മണിയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
യുവതിയെ കാണാൻ സംഭവദിവസം കാളാച്ചാലിലെ വീട്ടിലെത്തിയ യുവാവിനായി പോലീസ് അന്വേഷണമാരംഭിച്ചെങ്കിലും യുവാവ് ഒളിവിൽപ്പോയിരുന്നു. യുവാവ് ഷഫീലയെ മൊബൈലിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും സംഭവദിവസം ഈ യുവാവ് കാളാച്ചാലിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും യുവതിതന്നെ മരിക്കുന്നതിനു മണിക്കൂറുകൾക്കുമുൻപ് സഹോദരനെ അറിയിച്ചിരുന്നു.
ഷഫീലയുടെ സഹോദരൻ നൽകിയ പരാതിയിലാണ് ചങ്ങരംകുളം ഇൻസ്പെക്ടർ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അന്വേഷണം ഊർജിതമാക്കിയത്.
ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് യുവാവിന്റെ അറസ്റ്റ്. പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ്ചെയ്തു.
