വട്ടംകുളം പഞ്ചായത്തിലെ ഒഡിറ്റോറിയ നിർമ്മാണ അഴിമതി: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2015 ൽ തുടങ്ങിയ ഓഡിറ്റോറിയ നിർമ്മാണത്തിലെ അഴിമതി പുറത്തുകൊണ്ടുവരണമെന്ന് യൂത്ത് ലീഗ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി അവശ്യപെട്ടു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി വാപ്ക്കോസ് കമ്പനിക്ക് നാൽപതിൽ പരം പ്രവർത്തനങ്ങൾ ഒരുമിച്ചു നൽകിയതിൽ ദുരൂഹതയുണ്ടെന്നും, ഈ അഴിമതികൾക്ക് നേതൃത്വം കൊടുത്ത സി.പി.എം നേതാക്കളായ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണ സമിതി അംഗങ്ങളെയും അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരേയും വിജിലൻസ് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും വട്ടംകുളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
സാധാരണ നിശ്ചിത കാലയളവും തിയ്യതിയും വെച്ചാണ് ഏതൊരു കരാറും നൽകുക എന്നാൽ ഇതെല്ലാം ലംഘിച്ചാണ് ഓഡിറ്റോറിയത്തിന്റെ കരാർ നൽകിയത്. ഓഡിറ്റോറിയ നിർമ്മാണത്തിന് 80 ലക്ഷത്തോളം രൂപ ചെലവഴിച്ചതായി രേഖയിൽ കാണുന്നുണ്ടെങ്കിലും എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവർത്തി 10% പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പദ്ധതിക്ക് അംഗീകാരം കിട്ടുന്നതിന് മുമ്പ് തന്നെ 27 ലക്ഷം രൂപ അഡ്വാൻസ് നൽകിയതും ഗുരുതര ക്രമക്കേടാണ്. അഡ്വാൻസ് നൽകി മാസങ്ങൾ കഴിഞ്ഞാണ് പദ്ധതിക്ക് അംഗീകാരവും ടൗൺ പ്ലാനറുടെ അംഗീകാരവും ലഭിക്കുന്നത്. 80 ലക്ഷം രൂപ ചിലവഴിച്ചു എന്ന് പറയുമ്പോഴും കേവലം നാല് തൂണുകൾ മാത്രമാണ് അവിടെ കാണാൻ കഴിയുക. ഇത്രയും വലിയ അഴിമതിക്കെതിരെ നിയമപരമായും സമരപരിപാടികളുമായി മുന്നോട്ടു പോകാനും യോഗത്തിൽ തീരുമാനിച്ചു.
