ഇരുട്ടിലാണ് എടപ്പാൾ
എടപ്പാൾ : മഴക്കാലം വരുംമുൻപേ എടപ്പാളിൽ വൈദ്യുതിയുടെ ഒളിച്ചുകളി തുടങ്ങി. കഴിഞ്ഞ മൂന്നുദിവസമായി എടപ്പാളിലെയും പരിസരത്തെയും പല പ്രദേശങ്ങളും മണിക്കൂറുകളോളം ഇരുട്ടിലായിരുന്നു.എടപ്പാൾ ടൗണിൽ ദിവസേന മൂന്നും നാലും തവണയാണ് വൈദ്യുതി നിലയ്ക്കുക. ചിലപ്പോൾ മണിക്കൂറുകൾ കഴിഞ്ഞാകും തിരിച്ചെത്തുക.ബുധനാഴ്‌ചത്തെ ഇടിമിന്നലിൽ കേബിൾ കത്തിയതു ശരിയാക്കാനായി വ്യാഴാഴ്‌ച രാവിലെ ഏറെനേരം വൈദ്യുതി നിലച്ചു. പിന്നീട് വൈകുന്നേരം മൂന്നുമണിക്കുശേഷം ഒന്നരമണിക്കൂറോളം വീണ്ടും മേഖല ഇരുട്ടിലായി. അതിനുശേഷം ടൗണിൽ വന്നെങ്കിലും മറ്റു പല പ്രദേശങ്ങളിലും വെളിച്ചമെത്തിയില്ല. രാത്രി എട്ടുമണിയോടെയാണ് ഇവിടങ്ങളിൽ പിന്നീട് വൈദ്യുതിയെത്തിയത്. വൈദ്യുതിമുടക്കം സംബന്ധിച്ച് ചിലപ്പോൾ മാത്രമാണ് സന്ദേശമെത്തുന്നതെന്നും പരാതിയുണ്ട‌്.സമരം സംഘടിപ്പിക്കുംതുടർച്ചയായുണ്ടാകുന്ന വൈദ്യുതി പ്രശ്നത്തിന് പരിഹാരം കാണാത്ത പക്ഷം ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് തവനൂർ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഇ.പി. വേലായുധൻ പറഞ്ഞു. കമ്പികൾ മാറ്റി കേബിളാക്കിയാൽ പ്രശ്‌നങ്ങൾ കുറയുമെന്നു പറഞ്ഞെങ്കിലും ഇപ്പോൾ കൂടുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.