ആർത്തലച്ച് വന്ന തിരമാലകൾ വീടിനൊപ്പം കൊണ്ട് പോയത് പഠന സാധനങ്ങളും മൊബൈലുമെല്ലാം; പഠനം മുടങ്ങിയ ഈ കുഞ്ഞുമക്കൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ തന്നെ
പൊന്നാനി: പൊന്നാനിയിൽ സ്കൂള്‍ തുറന്ന് കുട്ടികളെല്ലാം ഓണ്‍ലൈന്‍ പഠനത്തിലേര്പ്പെടുമ്പോള് മുഹമ്മദ് റിസ്വാനും മുഹമ്മദ് സഫ്വാനും ഫര്‍ഹാന ഷെറിനും ഫാത്തിമത്ത് ഫര്‍സീനക്കും ഓണ്‍ലൈന്‍ ക്ലാസ് സ്വപ്നം മാത്രമാണ്. പൊന്നാനിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നാല് കുട്ടികളാണ് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ ദുരിതത്തിലായത്. ആര്‍ത്തലച്ചെത്തിയ തിരമാലകളില്‍ വീടിനൊപ്പം ടെലിവിഷനും മൊബൈല്‍ ഫോണും മറ്റ് സാധനങ്ങളും നഷ്ടമായതോടെയാണ് പഠനം മുടങ്ങിയത്.
പൊന്നാനിയിൽ കടലാക്രമണത്തില്വീട് നഷ്ടമായി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കൂരാറ്റന്റെ റാഷിദയുടെയും സാദത്തിന്റെയും മക്കളാണ് മുഹമ്മദ് റിസ്വാനും മുഹമ്മദ് സഫ്വാനും. കല്ലിങ്ങല്‍ ഹസീനയുടെ മക്കളാണ് ഫര്‍ഹാന ഷെറിനും ഫാത്തിമത്ത് ഫര്‍സീനയും. പള്ളപ്രം സ്കൂളിലെ രണ്ടാം ക്ലാസുകാരനാണ് റിസ്വാന്. സഫ്വാന് ഇത്തവണ ഇതേ സ്കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടി. പൊന്നാനി ടി.ഐ.യു.പി സ്കൂളിലെ ഏഴാം ക്ലാസുകാരി ഫാത്തിമത്ത് ഫര്‍സീനയും അഞ്ചാം ക്ലാസുകാരി ഫര്‍ഹാന ഷെറിനും സൗജന്യമായി കിട്ടിയ പുസ്തകങ്ങള്‍ സ്വയം പഠിക്കുകയാണ്. അന്തിയുറങ്ങുന്നത് സ്കൂളിലാണെങ്കിലും മൊബൈല്‍ ഫോണില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം തുടങ്ങാനാകുന്നില്ല.