kannur

ആൺ സുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ടവിചാരണ; യുവതി ജീവനൊടുക്കിയതിൽ 3 പേർ അറസ്റ്റിൽ

കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മൻസിലിൽ റസീന (40) ആണ് ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പറമ്പായി സ്വദേശികളായ വി.സി. മുബഷീർ (28), കെ.എ. ഫൈസൽ (34), വി.കെ. റഫ്നാസ് (24) എന്നിവരെ പിണറായി പൊലീസ് അറസ്റ്റ്‌ ചെയ്തു.

ആത്മഹത്യാക്കുറിപ്പിൽ നിന്നും കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ തലശ്ശേരി സബ് ജയിലിലേക്ക്‌ റിമാൻഡ് ചെയ്തു. പ്രതികൾ എസ്‌ഡിപിഐ പ്രവർത്തകരാണെന്നും പൊലീസ് അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് 3 മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനടുത്ത് റസീന മയ്യിൽ സ്വദേശിയായ ആൺ‌ സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് കണ്ട പ്രതികൾ ഇത് ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം സുഹൃത്തിനെ കൈയ്യേറ്റം ചെയ്തു. 5 മണിക്കൂറോളം യുവാവിനെ സമീപത്തുള്ള മൈതാനത്ത് തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം യുവാവിന്‍റെ മൊബൈൽ ഫോണും ടാബും പിടിച്ചെടുത്തു. തുടർന്ന് രാത്രി 8.30 ഓടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ച് റസീനയുടേയും യുവാവിന്‍റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി ഏറെ വൈകി ഇരുവരേയും ബന്ധുക്കൾക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. എന്നാൽ യുവാവിന്‍റെ കൈയിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽഫോണും വിട്ടുനൽകാൻ സംഘം തയാറായില്ല.

ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ പ്രതികളിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽ ഫോണും പൊലീസ് കണ്ടെത്തി. ഇനിയും പ്രതികൾ പിടിയിലാവാനുണ്ടെന്നും കേസിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button