കണ്ണൂരിൽ സൂര്യഗാതമേറ്റയാൾ മരണപ്പെട്ടു
കണ്ണൂരിൽ കിണർ പണിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ (37) സൂര്യതാപമേറ്റ് മരിച്ചു.
ബുധനാഴ്ച കിണർ നിർമാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ, വ്യാഴാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.
ഈയടുത്ത് ഗൾഫിൽ നിന്ന് വന്ന സനൽകുമാർ അയൽവാസിയുടെ കിണർ പണിയിൽ സഹായിക്കുമ്പോഴാണ് സൂര്യാഘാതം ഏറ്റത്.
കോഴിക്കോട് നാദാപുരത്ത് അങ്കണവാടി അധ്യാപികയ്ക്കും സൂര്യാഘാതമേറ്റിട്ടുണ്ട്. വളയം ചെറുമോത്തെ അനിലയുടെ വലതുകൈക്കാണ് പൊള്ളലേറ്റത്. അങ്കണവാടിയിൽ ജോലിചെയ്തുകൊണ്ടിരിക്കേയാണ് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സ തേടിയതോടെ ഡോക്ടറാണ് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്.
മലപ്പുറം വണ്ടൂരിൽ നാലുവയസ്സുകാരി ഇസ ജോണിനും സൂര്യാഘാതമേറ്റിട്ടുണ്ട്. കളിച്ചുകൊണ്ടിരിക്കെയാണ് പൊള്ളലേറ്റത്. നിലവിൽ വണ്ടൂർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഇസയുടെ ആരോഗ്യനില തൃപ്തികരമാണ്.
നിലവിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഹീറ്റ് വേവ് (Heat Wave) അഥവാ ഉഷ്ണതരംഗം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
അതീവ ജാഗ്രത വേണ്ട ജില്ലകൾ,
പാലക്കാട്, തൃശ്ശൂർ, കൊല്ലം
ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- വെയിൽ ഒഴിവാക്കുക, പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കുക.
- ധാരാളം വെള്ളം കുടിക്കുക, ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഒപ്പം ഒആർഎസ് (ORS), ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ ഉപയോഗിക്കാം.
- പുറത്തിറങ്ങുമ്പോൾ കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. കുടയോ തൊപ്പിയോ കരുതുക.
- കുട്ടികളെയും പ്രായമായവരെയും ശ്രദ്ധിക്കുക, വെയിലത്ത് കളിക്കാൻ കുട്ടികളെ അനുവദിക്കരുത്. വാഹനങ്ങൾക്കുള്ളിൽ കുട്ടികളെയും വളർത്തുമൃഗങ്ങളെയും തനിച്ചാക്കി പോകരുത്.
ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഓരോരുത്തരും സ്വയം സുരക്ഷ ഉറപ്പാക്കുക. അസ്വസ്ഥതകൾ തോന്നിയാൽ ഉടൻ വൈദ്യസഹായം തേടുക.