BREAKING NEWSPUBLIC INFORMATION

ശ്രീകാര്യത്തെ അഭിറാമിന്റെ മരണം; പിടിയിലായ പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു: പെണ്‍കുട്ടിയിലേക്കും അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിലെ പതിനേഴുകാരന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു. അഭിറാമിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. ഓടി രക്ഷപ്പെടാന്‍ അഭിറാം ശ്രമിച്ചപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഭിറാമിനെ പ്രതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുന്നത്. താന്‍ ഒറ്റയ്ക്കാണ് എല്ലാം ചെയ്തതെന്നും പ്രതിയായ 17 കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്.

കൊലപാതകം നടത്തിയ ശേഷം കാപ്പാ കേസ് പ്രതി കൂടിയായ ഉമറിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും 17കാരൻ പറയുന്നു.എന്നാല്‍ സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടെന്ന വിമര്‍ശനവും ശക്തമാകുകയാണ്. തിങ്കളാഴ്ച അഭിറാമിനെ കാണാന്‍ ഇല്ലെന്ന പരാതി ലഭിച്ചിട്ടും പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നാണ് കുടുംബം ഉയര്‍ത്തുന്ന ആരോപണം. അപ്പോള്‍ തന്നെ അന്വേഷണം ശക്തമാക്കിയിരുന്നെങ്കില്‍ ഇത്തരത്തില്‍ കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ പോകുമായിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. കേസിൽ . കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുടെ പങ്കിലും അന്വേഷണം തുടരുകയാണ്.കൊലപാതകം ആസൂത്രിതമെന്ന കണ്ടെത്തലിലാണ് പൊലീസ്.

കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരുത്തിപ്പാറ എന്‍എസ്എസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി അഭിരാമിനെയല്ല കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചതെന്നും, മറ്റൊരു കുട്ടിയെ അഭിരാം വഴി വിളിച്ചുവരുത്താനാണ് ശ്രമിച്ചതെന്നും 17കാരന്‍ തെളിവെടുപ്പിനിടെ വെളിപ്പെടുത്തിയിരുന്നു. അഭിരാമുമായി വാക്കു തര്‍ക്കം ഉണ്ടാവുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രതിയായ 17 കാരന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. നിലവില്‍ മൂന്നു പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്തായ 17 കാരന്‍ ആണ് കേസിലെ പ്രധാന പ്രതി. പ്രതിയെ ഇന്നലെ തന്നെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി . മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ്/ ഫോറെന്‍സിക് പരിശോധനകളും പൂര്‍ത്തിയായിട്ടുണ്ട്. പുലര്‍ച്ചയോടെ കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ഈ പെണ്‍കുട്ടിക്ക് കൊലപാതകത്തിന്റെ വിവരങ്ങള്‍ അറിമായിരുന്നു എന്നാണ് നിഗമനം. പെണ്‍കുട്ടി പ്രയപൂര്‍ത്തിയായ ആളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പ്രതി ചേര്‍ക്കാനാണ് സാധ്യത.കഴക്കൂട്ടം, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളില്‍ മറ്റൊരു പ്രതിയായ ഉമറിനെതിരെ മോഷണം, ലഹരി കടത്ത്, അടിപിടി കേസുകളും നിലവിലുണ്ട്. പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് അരുംകൊലയിലേക്ക് നയിച്ചതെന്ന് സ്ഥിരീകരണമുണ്ട്. തിങ്കളാഴ്ചയായിരുന്നു ശ്രീകാര്യത്തെ അരുംകൊല പുറംലോകമറിയുന്നത്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാം അതിദാരുണമായാണ് കൊല്ലപ്പെട്ടത്. ചാക്കില്‍ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം മുതല്‍ അഭിറാമിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കുടുംബം ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button