പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം എൽ . എയുടെ നേതൃത്വത്തിൽ യോഗം
കുറ്റിപ്പുറം പഞ്ചായത്തിലെ പുഴയോര മേഖലകളിൽ ടൂറിസം പദ്ധതികൾക്ക് ആലോചന;
സർക്കാർ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമി സർവ്വേ ചെയ്ത് പദ്ധതികൾ തയ്യാറാക്കും
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ പുഴയോര മേഖലകളിൽ വിവിധ ഭാഗങ്ങളിലായി ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക കൂടിയാലോചനാ യോഗം പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ യുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ ചേർന്നു. പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി വിനോദസഞ്ചാര വികസനത്തിനും പ്രാദേശിക സാമ്പത്തിക മുന്നേറ്റത്തിനും സഹായകമാകുന്ന പദ്ധതികൾ ആവിഷ്കരിക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി പുഴയോര പ്രദേശങ്ങളിൽ വിശദമായ സർവ്വേ നടത്തി സർക്കാർ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമിയുടെ ലഭ്യതയും അളവും കണ്ടെത്താൻ യോഗം തീരുമാനിച്ചു. സർവ്വേ പൂർത്തിയാക്കി പദ്ധതികൾക്കായി അനുയോജ്യമായ ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്ക് സമർപ്പിക്കാനും തീരുമാനമായി.പുഴയോരത്തിന്റെ പ്രകൃതിഭംഗിയും പ്രാദേശിക സവിശേഷതകളും സംരക്ഷിച്ചുകൊണ്ട് വിനോദസഞ്ചാരികൾക്ക് ആകർഷകമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രദേശത്തിന്റെ വികസന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾക്കാണ് പ്രാഥമിക പരിഗണന നൽകുകയെന്ന് എം.എൽ എ പറഞ്ഞു.
യോഗത്തിന് ശേഷം എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചെങ്ങണക്കടവിൽ സന്ദർശനം നടത്തി .കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആസാദ് അജയ് എ.വി ,പഞ്ചായത്ത് പ്രസിഡൻ്റ് കൈപ്പള്ളി അബ്‌ദുള്ളക്കുട്ടി , വൈസ് പ്രസിഡൻ്റ് റിജിത ഷലീജ് , സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിജി ജാസ്മിൻ പരപ്പാര , സക്കീർ കെ.പി , കെ.പി അസീസ്, ആബിദ് വി.പി , മുംതാസ് ബീഗം , ജസീന ഹമീദ് , പഞ്ചായത്ത് സെക്രട്ടറി ഷഹാന , അസിസ്റ്റൻ്റ് സെക്രട്ടറി സുബ്രഹമണ്യൻ ,സയ്യിദ് ഫസൽ അലി സഖാഫ് , ഹുസൈൻ കൊട്ടിലുങ്ങൽ, എംസി ഹമീദ് , ഹമീദ് കൊളത്തോൾ ഡിടിപിസിയെ പ്രതിനിധീകരിച്ച് നീള പാർക്ക് മാനേജർ മോനുട്ടി പൊയിലിശ്ശേരിടൂറിസം എംപാനൽഡ് ആർക്കിടെക്റ്റുമാരായ അരവിന്ദ് , വിജയകുമാർ , വിനീഷ് എന്നിവർ പങ്കെടുത്തു .