ബുൾഡോസർ രാജ്: വിറങ്ങലിക്കുന്ന മാനവികതയും നിയമവും ദേശീയ സെമിനാർ നവംബർ 14-ന് ചങ്ങരംകുളത്ത്
ചങ്ങരംകുളം: രാജ്യത്ത് ബുൾഡോസർ നടപടികൾ ഉയർത്തുന്ന ഭരണഘടനാപരവും നിയമപരവും മാനുഷികവുമായ ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി “ബുൾഡോസർ രാജ്: വിറങ്ങലിക്കുന്ന മാനവികതയും നിയമവും” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലിയുടെ ചങ്ങരംകുളം എടപ്പാൾ റോഡിലെ ഹയാത്ത് മാളിൽ സജ്ജീകരിച്ച പുതിയ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നവംബർ 14 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തിലാണ് സെമിനാർ നടക്കുന്നത്.സംഘപരിവാർ നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ ഭരണകാലത്ത് രാജ്യവ്യാപകമായി സജീവമായ ചർച്ചകൾക്ക് വഴിവെച്ച ബുൾഡോസർ നടപടികളും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിർദ്ദയം അവ നടപ്പാക്കുന്ന രീതികളുമാണ് സെമിനാറിലെ പ്രധാന ചർച്ചാവിഷയം.
പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും മറ്റ് സ്വത്തുവകകളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന നടപടികൾ, നിയമപരമായ നടപടിക്രമങ്ങളുടെ ലംഘനം, പൗരന്മാരുടെ മൗലികാവകാശങ്ങൾ, സ്വത്തവകാശം, ഭരണഘടനാപരമായ സംരക്ഷണം, നീതിന്യായ വ്യവസ്ഥയുടെ പ്രസക്തി തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യും. ഇത്തരം നടപടികൾ ജനാധിപത്യത്തിലും സാമൂഹിക സുരക്ഷിതത്വത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും സെമിനാർ വിലയിരുത്തും.മതം നോക്കി സ്വന്തം പൗരൻമാരെ വേട്ടയാടുന്ന രീതികൾ പരിഷ്കൃത സമൂഹത്തിന് അന്യമാണ്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും 2024-ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ എൻ.എസ്. മാധവൻ, ദേശീയ മാധ്യമരംഗത്ത് ശ്രദ്ധേയയായ മാധ്യമപ്രവർത്തകയും ദി വയർ (The Wire) സീനിയർ എഡിറ്ററുമായ അർഫ ഖാനം ഷെർവാണി, അന്വേഷണാത്മക പത്രപ്രവർത്തന രംഗത്തെ പ്രമുഖനും ദി കാരവൻ (The Caravan) മാസികയുടെ മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ വിനോദ് കെ. ജോസ് എന്നിവർ സെമിനാറിൽ പങ്കെടുക്കും.
ഭരണഘടന ഉറപ്പുനൽകുന്ന തുല്യത, നീതി, വ്യക്തിസ്വാതന്ത്ര്യം, മനുഷ്യന്റെ അന്തസ്സ്, നിയമത്തിന് മുന്നിലുള്ള തുല്യപരിരക്ഷ എന്നിവയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനൊപ്പം സമകാലിക ഇന്ത്യയിൽ ജനാധിപത്യവും മനുഷ്യാവകാശങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഗൗരവകരമായ പൊതുസംവാദം സൃഷ്ടിക്കുകയുമാണ് സെമിനാറിന്റെ ലക്ഷ്യം.പത്രസമ്മേളനത്തിൽ പി.പി യൂസഫലി, പി.ടി ഖാദർ, കെ മുരളീധരൻ, ഷാനവാസ് വട്ടത്തൂർ, ഹുറൈർ കൊടക്കാട്, ഉമ്മർ കുളങ്ങര സംബന്ധിച്ചു.