തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പിന്തുണച്ച് മേയർ
തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശത്തെ പിന്തുണച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. മൃഗങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകാൻ സഹായിക്കുന്നതാണ് ഈ നിർദ്ദേശമെന്ന് മേയർ പറഞ്ഞു.ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മൃഗശാല വനമേഖലയിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന നിർദ്ദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ടുവച്ചത്. പ്രകൃതിയോട് അടുത്ത ആവാസവ്യവസ്ഥയ്ക്ക് സമീപത്താണ് മൃഗങ്ങൾ കഴിയേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.വിഷയം ഗൗരവമായി ചർച്ച ചെയ്യേണ്ടതാണെന്ന് മേയർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും താപനില ഉയരുന്നതും കാരണം നിരവധി മൃഗങ്ങൾ ചത്തൊടുങ്ങുകയാണ്.
ഇതു കാരണം മുൻപ് ഉണ്ടായിരുന്ന ഒട്ടെറെ മൃഗങ്ങൾ ഇപ്പോഴില്ല. പല മൃഗങ്ങളെയും കാണാനാകാതെ നിരാശരായി തിരിച്ചുപോവുകയാണ് മൃഗശാലയിൽ എത്തുന്ന നിരവധി പേർ. നഗരത്തിലെ വായു-ശബ്ദ മലിനീകരണവും ചൂടും മൃഗശാലയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നതായി നിരവധി വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മൃഗശാല മാറ്റിസ്ഥാപിക്കുന്നതാവും ഉചിതമെന്നും ബിജെപി നേതാവായ മേയർ വ്യക്തമാക്കി.ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് മൃഗശാല സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മാറ്റിസ്ഥാപിച്ചാൽ കൂടുതൽ മൃഗങ്ങളെ കൊണ്ടുവരാൻ സാധിക്കും. മൃഗശാല സ്ഥാപിച്ചപ്പോഴും ഇപ്പോഴുമുള്ള സാഹചര്യം വ്യത്യസ്തമാണ്.
പുതിയ മൃഗശാലയ്ക്ക് സ്ഥലം കണ്ടെത്തേണ്ടത് സർക്കാരാണെന്നും മേയർ പറഞ്ഞു.തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിന്റെ തൊട്ടരികിലാണ് മൃഗശാല സ്ഥിതിചെയ്യുന്നത്. നഗരത്തിലെ കണ്ണായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മൃഗശാല മാറ്റുന്ന നിർദ്ദേശത്തെച്ചൊല്ലി രാഷ്ട്രീയപോര് ഉടലെടുത്തിരിക്കുകയാണ്. നിർദ്ദേശത്തിനെതിരേ സിപിഎം നേതാവും മുൻ മേയറുമായ വി.കെ. പ്രശാന്ത് രംഗത്തുവന്നിരുന്നു. വാണിജ്യ താൽപര്യങ്ങളാണ് ഈയൊരു നിർദ്ദേശത്തിന് പിന്നിലെന്നും ശക്തമായി എതിർക്കുമെന്നും പ്രശാന്ത് വ്യക്തമാക്കിയിരുന്നു.