തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് തിരൂർ ഗൾഫ് മാർക്കറ്റിന് സമീപമാണ് സംഭവം. കാറിലുണ്ടായിരുന്ന കുടുംബം തലനാരിഴയ്ക്കാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയായ തൊട്ടിയിൽ മുബാറക്ക് ഓടിച്ചിരുന്ന ഹ്യൂണ്ടായ് കാറിനാണ് തീപിടിച്ചത്. യാത്രയ്ക്കിടെ വാഹനത്തിന്റെ മുൻഭാഗത്തുനിന്ന് പെട്ടെന്ന് പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവറും കുടുംബവും കാറിൽ നിന്നും പുറത്തേക്കിറങ്ങുകയായിരുന്നു.
സെക്കൻഡുകൾക്കകം കാറിന്റെ മുൻഭാഗത്തേക്ക് തീ ആളിപ്പടർന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും പ്രദേശവാസികളും ചേർന്ന് ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി അണച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് തിരൂർ പോലീസ് സ്ഥലത്തെത്തി തുടർന്നുള്ള നടപടികൾ സ്വീകരിച്ചു. എഞ്ചിനിലെ ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.