BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

യുപിഐ ഇടപാടുകൾക്ക് ചാർജ്: പണമിടപാടുകളിലേക്ക് തിരിച്ചുപോകുമെന്ന് വ്യാപാരികൾ; ഡിജിറ്റൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് പുതിയ നിരക്ക് ഏർപ്പെടുത്തുന്നതിനെച്ചൊല്ലി വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം ചാർജ് ഏർപ്പെടുത്തിയതാണ് വ്യാപാരി സംഘടനകളെ ആശങ്കയിലാക്കുന്നത്. 2020 ജനുവരി മുതൽ നിലനിന്നിരുന്ന സീറോ-മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) സംവിധാനത്തിനാണ് ഇതോടെ മാറ്റം വരുന്നത്. അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് പകരം വീണ്ടും പണമിടപാടുകളിലേക്ക് മാറേണ്ടിവരുമെന്ന മുന്നറിയിപ്പും വ്യാപാരികൾ നൽകുന്നു.ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വർഷങ്ങളായി ഡിജിറ്റൽ പേയ്‌മെന്റുകളെ പിന്തുണച്ചിരുന്ന വ്യാപാരികളാണ് പുതിയ നിരക്കിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിലെ കമലാ നഗർ മാർക്കറ്റ് അസോസിയേഷൻ ഇതിനകം വ്യാപാരികളോട് പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

പുതിയ ചാർജ് വ്യാപാരികളുടെ പ്രവർത്തനച്ചെലവ് വർധിപ്പിക്കുമെന്നാണ് സംഘടനകളുടെ പ്രധാന ആശങ്ക.കുറഞ്ഞ ലാഭവിഹിതത്തിൽ പ്രവർത്തിക്കുന്ന വ്യാപാരികളെ സംബന്ധിച്ച് 0.4 ശതമാനം പോലും അധിക ബാധ്യതയാകുമെന്ന് ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമെ ജിഎസ്ടിയും മറ്റ് ഇടപാട് ചാർജുകളും നൽകുന്ന വ്യാപാരികൾക്ക് യുപിഐ ചാർജ് കൂടി വരുന്നത് ഇരട്ട ബാധ്യതയാകുമെന്ന് ഖാൻ മാർക്കറ്റ് അസോസിയേഷനും പറയുന്നു.നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരക്ക് ഭാവിയിൽ വീണ്ടും ഉയർത്താനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്. ഇപ്പോൾ ചെറിയ ശതമാനത്തിൽ ആരംഭിക്കുന്ന ചാർജ് പിന്നീട് വർധിക്കാനുള്ള സാഹചര്യം ഒഴിവാക്കാൻ തുടക്കത്തിൽതന്നെ ഇതിനെതിരെ പ്രതികരിക്കണമെന്നാണ് ചില വ്യാപാരി സംഘടനകളുടെ നിലപാട്.അതേസമയം, പുതിയ നിരക്ക് ചെറുകിട വ്യാപാരികളെയെല്ലാം ഒരുപോലെ ബാധിക്കില്ല. പ്രതിമാസം ഒരു ലക്ഷം രൂപ വരെ യുപിഐ വഴി വരുമാനമുള്ള വ്യാപാരികളെ നിരക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ ഏകദേശം 96 ശതമാനം ചെറുകിട വ്യാപാരികൾക്കും ഇത് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

എന്നാൽ കുറഞ്ഞ വിലയുള്ള ഉൽപന്നങ്ങൾ വിൽക്കുന്ന കടകളിൽ വലിയ തുകയുടെ ഇടപാടുകൾ യുപിഐ വഴി നടക്കുമ്പോൾ അധിക നിരക്ക് ബാധ്യതയാകുമെന്ന ആശങ്ക വ്യാപാരികൾക്കുണ്ട്.വലിയ തുകയുടെ ഇടപാടുകൾ പതിവായ മൊത്തവ്യാപാര മേഖലയിലും പുതിയ നിരക്ക് ചർച്ചയാകുകയാണ്. അധിക ചെലവ് ഒഴിവാക്കാൻ ചെക്കുകളോ മറ്റ് ബാങ്കിങ് സംവിധാനങ്ങളോ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇത്തരം വ്യാപാരികൾ ആലോചിക്കുന്നുണ്ട്.

ഉപഭോക്താക്കളിലും ഇതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ആശങ്ക ഉയരുന്നുണ്ട്. നിയമപരമായി യുപിഐ ചാർജ് നേരിട്ട് ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ വ്യാപാരികൾക്ക് കഴിയില്ല. എന്നാൽ ഇടപാട് ചെലവ് വർധിക്കുന്നത് വ്യാപാരികളുടെ ലാഭവിഹിതത്തെ ബാധിക്കുകയും അതിന്റെ പ്രതിഫലനം ഉൽപന്നങ്ങളുടെ വിലയിൽ പരോക്ഷമായി ഉണ്ടാകുകയും ചെയ്യുമോയെന്നാണ് ആശങ്ക.രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ വ്യാപകമാക്കുന്നതിനിടെയാണ് യുപിഐ നിരക്കിനെച്ചൊല്ലിയുള്ള ഈ തർക്കം ഉയരുന്നത്. സീറോ-എംഡിആർ സംവിധാനം മാറുന്നതോടെ വ്യാപാരികളുടെ പേയ്‌മെന്റ് രീതിയിൽ എന്ത് മാറ്റമുണ്ടാകും, ഡിജിറ്റൽ ഇടപാടുകളിൽ നിന്ന് പണമിടപാടുകളിലേക്ക് യഥാർഥത്തിൽ തിരിച്ചുപോക്കുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളിൽ വരും ദിവസങ്ങളിലെ വ്യാപാരരംഗത്തെ പ്രതികരണങ്ങളാണ് നിർണായകമാകുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button