മാതാവിനൊപ്പം സ്കൂട്ടറിൽ പോകവേ പിക്കപ്പ് വാൻ ഇടിച്ച് വിദ്യാർഥിനി മരിച്ചു.
മലപ്പുറം :പരീക്ഷ കഴിഞ്ഞു മാതാവിനോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനി പിക്കപ്പ് വാൻ ഇടിച്ചു മരിച്ചു. ഗുരുവായൂർ മമ്മിയൂർ മുസല്യം വീട്ടിൽ റഹീമിന്റെ മകൾ ഹയ (13) ആണ് മാതാവ് സുനീറയോടൊപ്പം യാത്രചെയ്യുന്നതിനിടെ അപകടത്തിൽ മരിച്ചത്. തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം പാവിട്ടപ്പുറത്തായിരുന്നു അപകടം. തൃശൂരിൽ നിന്ന് ചങ്ങരംകുളത്തെ ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന പിക്കപ്പ് വാൻ സ്കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹയയെ രക്ഷിക്കാനായില്ല. സുനീറ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പെരുമ്പിലാവ് അൻസാർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ഹയ. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.