KERALA

ചരിത്രം ബാക്കിയാക്കി ; പഴയ കൊച്ചിൻ പാലം മറയുന്നു

ഷൊർണ്ണൂർ: ചരിത്രം ബാക്കിയാക്കി പഴയ കൊച്ചിൻ പാലം മറയുന്നു,പഴയപാലങ്ങളെ ടൂറിസം പദ്ധതിയ്ക്ക് ഉപയോഗപ്പെടുത്താനുള്ള സർക്കാരിന്റെ പുതിയ നയത്തിലാണ് പാലത്തിന്റെ പ്രതീക്ഷയത്രയും.

സ്പാനുകൾ തകർന്ന് ഭാരതപ്പുഴയിലേക്ക് പാതി ചെരിഞ്ഞ് നിൽക്കുന്ന നിലയിലാണിപ്പോൾ ഷൊർണൂരിലെ പഴയ കൊച്ചിൻപാലം . ടൂറിസം – പൊതുമരാമത്ത് വകുപ്പുകൾ കൈത്താങ്ങായി മാറിയാൽ ചരിത്രപ്രധാനമായ കൊച്ചിൻ പഴയ പാലത്തിന്
പുനരുജ്ജീവനമൊരുക്കാമെന്ന പ്രതീക്ഷയിലാണ് ചരിത്ര സ്നേഹികൾ.


ഭാരതപ്പുഴയ്ക്കു കുറുകെ നൂറ്റാണ്ടു മുൻപ് ബ്രിട്ടീഷുകാർ നിർമ്മിച്ച പഴയ കൊച്ചിൻ പാലത്തിന്റെ തകർച്ച പൂർണ്ണമാവും മുൻപ് പാലം സംരക്ഷിക്കാൻ അടിയന്തതര ശ്രമം വേണമെന്നാണ് ആവശ്യം.
ചരിത്ര സ്മാരകമായി പാലം സംരക്ഷിക്കണം എന്ന ആവശ്യം ശക്തമായി ഉയർന്ന് വന്നിരുന്നു.
ഇതിനിടെയാണ് പാലത്തിന്റെ സ്പാനുകൾ ഓരോന്നായി നിലംപൊത്താൻ ആരംഭിച്ചത്. പാലം പൊളിച്ചു നീക്കാനോ, സംരക്ഷിക്കാനോ നടപടിയുണ്ടായിട്ടില്ല. പാലത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് സ്മാരകമാക്കി സംരക്ഷിക്കണമെന്ന വാദം നിലനിൽക്കുന്നതിനിടെയാണ്ട് പാലത്തിന് പ്രതീക്ഷ പകർന്ന് ടൂറിസം – പൊതുമരാമത്ത് വകുപ്പുകൾ കൈകോർത്ത് പുതിയ ടൂറിസം പദ്ധതി പ്രഖ്യാപിക്കപ്പെടുന്നത്. ആറ് മാസത്തിനകം യാഥാർത്ഥ്യമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നതാണ് ഈ പുതിയ ടൂറിസം പദ്ധതി.
കായൽ – പുഴ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന പഴയപാലങ്ങളെ ഉപയോഗപ്പെടുത്തി വിശ്രമ – വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കാനാണ് പുതിയ ടൂറിസം പദ്ധതി. പൊതുമരാമത്ത് – ടൂറിസം വകുപ്പുകൾ ഇതിനായി കൈകോർക്കും. കായൽ കാറ്റേറ്റും പുഴക്കാറ്റേറ്റും കഥ പറയാനും, കവിത ചൊല്ലാനും, നേരം പോക്ക് പറയാനും കഴിയുന്ന തരത്തിൽ പഴയപാലങ്ങളെ സഞ്ചാരികൾക്കായി സജ്ജീകരിക്കും. പുഴയിലേക്ക് കാഴ്ച നൽകി ഇരിപ്പിടങ്ങൾ, ലഘുഭക്ഷണശാലകൾ, കഫറ്റേരിയ, കുട്ടികൾക്കും, മുതിർന്നവർക്കുമുള്ള പാർക്ക്, വൃത്തിയുള്ള ടോയ്ലറ്റ്, പാട്ട് കേട്ട് നടക്കാൻ കഴിയുന്ന വാക്ക് വേ, പാർക്കിംഗ് സൗകര്യം എന്നിവ പാലങ്ങൾക്ക് സമീപം ടൂറിസം വകുപ്പ് ഒരുക്കും. പഴയപാലങ്ങൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഈ പുതിയ ടൂറിസം പദ്ധതിയ്ക്ക് ഭാരതപ്പുഴയിലെ പഴയ കൊച്ചിൻ പാലം ഏറെ പരിഗണിക്കാൻ കഴിയുന്നതാണ്. ഈ പാലത്തിന് സമീപം ഓരോ സായാഹ്നത്തിലും എത്തിച്ചേരുന്നത് ആയിരത്തോളം പേരാണ്. പാർക്കും, ഓപ്പൺജിമ്മും പാലത്തിന് സമീപം നിലവിലുണ്ട്. ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പാലത്തെ ബലപ്പെടുത്തി സംരക്ഷിക്കാനാണ് പദ്ധതി വേണ്ടത്. ചരിത്രപരമായ അനിവാര്യത കൂടിയാണിത്. കോടികൾ ചെലവ് വരുമെങ്കിലും പാലത്തിന്റെ ചരിത്രപരമായ പ്രാധാന്യം ഏറെ വലുതാണ്.

രാജ്യാതിർത്തിയായിരുന്നു കൊച്ചിൻ പാലമെന്ന് ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്.
നാട് കടത്തൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുമായി രാജ്യഭടന്മാർ അകമ്പടി സേവിച്ചെത്തുന്ന കാളവണ്ടികളും, ചുങ്കപ്പിരിവ് ശാലയുമൊക്കെയുണ്ടായിരുന്ന രാജ്യാതിർത്തി.

അന്ന് ഭാരതപ്പുഴ, തിരു- കൊച്ചിയുടെയും, മദിരാശി സംസ്ഥാനത്തിന്റെയും അതിർത്തി കൂടിയായിരുന്നു. സംസ്ഥാനത്ത് തന്നെ അത്യപൂർവ്വമായ റെയിൽ-റോഡ് പാലമായിരുന്നു പഴയ കൊച്ചിൻപാലം .

സംസ്ഥാനത്തിന്റെ വികസനത്തിനും കൊച്ചി-മലബാർ ഐക്യത്തിനും പങ്കുവഹിച്ച പാലത്തിന് 15 തൂണുകളും 300 മീറ്റർ നീളവുമുണ്ട്. .
കൊച്ചിരാജാവ് രാമവർമ്മ രാജ 1900-ൽ 84 ലക്ഷം രൂപ ചെലവഴിച്ച് ബ്രിട്ടീഷുകാരുടെ സഹായത്തോടെ നിർമിച്ചതാണ് പഴയ കൊച്ചിൻപാലം. 2011-ൽ മധ്യഭാഗത്തെ തൂൺ തകർന്ന് പ്രതലം വീണു. തുടർന്ന് രണ്ട് തൂണുകൾ കൂടി തകർന്ന് പ്രതലം പുഴയിലേക്ക് കൂപ്പുകുത്തി . ഷൊർണൂർ നഗരസഭ, വള്ളത്തോൾ നഗർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് പാലം നിൽക്കുന്നത്. . തൂണുകൾ തകർന്ന് വീണ് തുടങ്ങിയതോടെ പാലം പൂർണ്ണമായും അടച്ചു. പാലത്തെ ചരിത്ര സ്മാരകമാക്കണമെന്ന ആവശ്യത്തെ തുടർന്ന് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥർ പാലം പരിശോധിക്കുകയും 1900-ൽ നിർമിച്ചതിന്റെ ഫലകവും പാലത്തിന്റെ ഇരുമ്പുസ്പാനിൽ കണ്ടെത്തിയിരുന്നു.
ചരിത്ര പ്രൗഡി തിരിച്ചറിഞ്ഞ് കൊച്ചിൻ പാലം സംരക്ഷിക്കപ്പെടണം. ടൂറിസം വളർച്ചയ്ക്കും ഇതു സഹായിക്കുമെന്ന വാദമാണ് ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button