മലപ്പുറത്തിന്റെ മക്കൾ സ്നേഹത്തിന്റെ മന്ത്രം ചൊല്ലുന്നവർ -പന്ന്യൻ രവീന്ദ്രൻ
മലപ്പുറം: പാണക്കാട് തങ്ങൾ കുടുംബമടക്കമുള്ള മലപ്പുറത്തിന്റെ മക്കൾ രാജ്യത്ത് സ്നേഹത്തിന്റെ മന്ത്രം ചൊല്ലുന്നവരും പ്രചരിപ്പിക്കുന്നവരുമാണെന്ന് സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ. മുസ്ലിം യൂത്ത്ലീഗ് ജില്ലാ കമ്മിറ്റി മലപ്പുറം വാറങ്കോട്ട് നടത്തുന്ന ‘മ’ – ലൗ, ലെഗസി, ലിറ്ററേച്ചർ സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തങ്ങളുടെ മലപ്പുറം’ എന്ന തലക്കെട്ടിലായിരുന്നു സംവാദം.
സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ വലിയ ചരിത്രമുള്ള നാടാണ് മലപ്പുറം. സാമ്രാജ്യത്വത്തിനെതിരേ ഫലപ്രദമായി പോരാടിയവരാണ് മാപ്പിള മക്കൾ. ആയുധങ്ങളുമായി വന്ന ബ്രിട്ടീഷ് പട്ടാളത്തെ തടഞ്ഞുനിർത്തിയ ചരിത്രം മറ്റാർക്കുണ്ട്. അത് പലരും മറക്കുകയാണ്. നമ്മുടെ ചരിത്രം മാറ്റിയെഴുതുകയാണിപ്പോൾ. ബ്രിട്ടീഷുകാരുമായി സന്ധിചെയ്ത് ഗാന്ധിജിയെ കൊല്ലാൻ ശ്രമിച്ച സവർക്കറെ പൂജിക്കുകയാണ് രാജ്യം. ചരിത്രത്തിൽ ഇല്ലാത്ത കാര്യങ്ങൾ ആർ.എസ്.എസ്. തിരുകിക്കയറ്റുകയാണെന്നും പന്ന്യൻ രവീന്ദ്രൻ കുറ്റപ്പെടുത്തി.