എന്‍ജിനീയറിംഗ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു.
എന്‍ജിനീയറിംഗ്, ഫാര്‍മസി, ആര്കിടെക്ചര് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എന്‍ജിനീയറിംഗില്‍ 47,629 പേര് റാങ്ക് ലിസ്റ്റില്‍ ഇടംനേടി. തൃശൂര്‍ സ്വദേശി ഫയിസ് ഹാഷിം ഒന്നാം റാങ്കും കോട്ടയം സ്വദേശി ഹരിശങ്കര്‍ രണ്ടാം റാങ്കും നേടി. ഫാര്‍മസി വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി ഫാരിസ് അബ്ദുള്‍ നാസര്‍ കല്ലയിലും ആര്‍ക്കിടെക്ചറില്‍ കണ്ണൂര്‍ സ്വദേശി തേജസ് ജോസഫും ഒന്നാം റാങ്ക് നേടി.
പ്രവേശന പരീക്ഷയുടെ മാര്‍ക്കിനൊപ്പം ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ലഭിച്ച സ്കോറും കൂടി പരിഗണിച്ചാണ് എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റ് തയാറാക്കിയത്. 73,977 പേര് പരീക്ഷ എഴുതിയതില്‍ 51,031 പേര് യോഗ്യത നേടി. 47,629 പേരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതില്‍ 32180 പേര് സംസ്ഥാന സിലബസില്‍ ഹയര്‍ സെക്കന്‍ഡറി പഠിച്ചവരാണ്. ഫാര്‍മസി വിഭാഗത്തില്‍ 60,889 പേരാണ് പരീക്ഷ എഴുതിയത്. 48,556 പേര് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു.
ഒന്‍പതിന് വൈകിട്ട് നാലു വരെ ഓപ്ഷന് രജിസ്റ്റര്‍ ചെയ്യാം. പതിനൊന്നിനാണ് ആദ്യ അലോട്ട്മെന്റ്. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ 12 മുതല്‍ 16 നു മൂന്നുമണിക്കകം ഫീസ് അടയ്ക്കണം. അല്ലാത്തവരുടെ ഓപ്ഷന് റദ്ദാകും. ഓപ്ഷന് നല്കാത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല. 25നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് എ.ഐ.സി.ടി.ഇയുടെ നിര്‍ദ്ദേശം.