ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മെഗാ ശുചീകരണ യജ്ഞം നടത്തി
May 24, 2023
ചാലിശ്ശേരി : മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മെഗാ ശുചീകരണ യജ്ഞം നടത്തി. ചാലിശ്ശേരി പഞ്ചായത്തിന്റെ അതിർത്തിയായ കൂറ്റനാട് ന്യൂബസാർ മുതൽ ജില്ലാ അതിർത്തിയായ തണത്തറ പാലം വരെയാണ് ശുചീകരണം നടത്തിയത്. 500-ൽ അധികം പേർ പങ്കെടുത്ത മെഗാ ശുചീകരണ യജ്ഞം ചാലിശ്ശേരി മെയിൻ റോഡ് സെന്ററിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, പഞ്ചായത്ത് അംഗങ്ങളായ പി.വി രജീഷ്, വിജേഷ് കുട്ടൻ വി.എസ് ശിവാസ്, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി, മറ്റു പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി.വി ഉമ്മർ മൗലവി, സി.എ സുരേന്ദ്രൻ, സലിം ചാലിശ്ശേരി, കെ.സി കുഞ്ഞൻ, ഡോ.ഇ.എൻ ഉണ്ണികൃഷ്ണൻ, വ്യാപാരി വ്യവസായി പ്രതിനിധികളായ എം.എം അഹമ്മദുണ്ണി, രാജൻ ഫാമിലി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേന അംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികൾ, ക്ലബ്ബ് വായനശാല പ്രതിനിധികൾ, ചുമട്ടുതൊഴിലാളികൾ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തവർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് കൊള്ളിയും ചുട്ടരച്ച ചമ്മന്തിയും ചായയോടൊപ്പം നൽകുകയുണ്ടായി. ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ശുചീകരണ പ്രവർത്തനങ്ങൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ എല്ലാവിധ സഹകരണവും പിന്തുണയും യൂണിറ്റ് പ്രസിഡന്റ് എം.എം അഹമ്മദുണ്ണി ഉറപ്പ് നൽകി.