EDAPPAL
ബൈക്കിൽ അഭ്യാസം: ഭീതിയോടെ നാട്
എടപ്പാൾ : ബൈക്കിൽ യുവാക്കളുടെ അഭ്യാസ പ്രകടനം നാട്ടുകാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പ്രധാന പാതകൾക്ക് പുറമേ ഗ്രാമീണ മേഖലകളിലെ റോഡുകളിലൂടെയും ഇവർ ചീറിപ്പാഞ്ഞു പോകുന്നത് അപകടം ക്ഷണിച്ചു വരുത്തുകയാണ്. വട്ടംകുളം – കണ്ണാശുപത്രി റോഡ്, വട്ടംകുളം എരുവപ്രക്കുന്ന് – അണ്ണക്കംപാട് റോഡ് തുടങ്ങി വിവിധ ഭാഗങ്ങളിലെ നാട്ടുകാരാണ് പരാതിയുമായി രംഗത്തുള്ളത്.
കഴിഞ്ഞ ദിവസം കണ്ണാശുപത്രി റോഡിലൂടെ അമിത വേഗത്തിൽ ബൈക്കിൽ വന്ന യുവാവ് കാൽനട യാത്രക്കാരിയെ തട്ടിവീഴ്ത്തി കടന്നു കളഞ്ഞു. പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. നമ്പർ പ്ലേറ്റ് മറച്ചാണ് ചിലർ സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ നമ്പർ പൊലീസിന് കൈമാറാനും സാധിക്കുന്നില്ല. അമിത വേഗത്തിന്റെ പേരിൽ പലയിടത്തും യുവാക്കളും നാട്ടുകാരും തമ്മിൽ സംഘർഷത്തിൽ ഏർപ്പെടുന്നതും പതിവാണ്.