അനാസ്ഥയിൽ താളംതെറ്റി കെഎസ്ആർടിസി എടപ്പാൾ റീജണൽ വർക്ക് ഷോപ്പ്
എടപ്പാൾ : മലബാറിലെ കെ.എസ്.ആർ.ടി.സി.യുടെ ഏറ്റവും മികച്ച സ്ഥാപനമായിരുന്ന എടപ്പാൾ റീജണൽ വർക്ക് ഷോപ്പിന്റെ പ്രവർത്തനം താളംതെറ്റുന്നു. ആവശ്യത്തിന് ജീവനക്കാരെയും വേണ്ടത്ര സ്പെയർ പാർട്സുകളും ലഭ്യമാക്കാതെ അധികൃതർ തുടരുന്ന അനാസ്ഥയാണ് ഏക്കർകണക്കിന് ഭൂമിയും മറ്റ് അത്യാവശ്യ സൗകര്യങ്ങളുമുള്ള കണ്ടനകത്തെ ഈ സ്ഥാപനത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ജീവനക്കാർ പറയുന്നു.
അപകടത്തിൽപ്പെട്ടും മറ്റു തകരാറുകൾ സംഭവിച്ചും എത്തിക്കുന്ന ബസുകൾ ദിവസങ്ങൾക്കകം നന്നാക്കി പുറത്തിറക്കിയിരുന്നതാണ് ഈ സ്ഥാപനം. കേരളത്തിലെ കെ.എസ്.ആർ.ടി.സി.യുടെ മൂന്നു ബസ് ബോഡി നിർമാണ യൂണിറ്റുകളിൽ ഏറ്റവും മികച്ചതും ഇതായിരുന്നു. പ്രതിമാസം 30 ബസുകൾ വരെ ഇവിടെ നിർമ്മിച്ച് പുറത്തിറക്കിയിരുന്നു.
നൂറിൽപ്പരം തൊഴിലാളികൾ ഇവിടെയുണ്ടായിരുന്നു. ആ സ്ഥാപനംതന്നെ പൂട്ടി. മൂന്നുപേർ മാറി മാറി അർഹതപ്പെട്ട ആഴ്ച അവധിയിൽ പോകുമ്പോൾ 12 പേരിൽ ഒൻപത് പേർ മാത്രമാണ് ഇപ്പോൾ ഡ്യൂട്ടിയിലുണ്ടാകുക. ഇതോടെ നന്നാക്കാൻ വരുന്ന ബസുകൾ ആഴ്ചകളോളം ഇവിടെ കിടക്കുകയാണ്. ദീർഘദൂര സർവീസ് നടത്തിയിരുന്ന മൂന്ന് സൂപ്പർ ഫാസ്റ്റും മൂന്ന് ഫാസ്റ്റ് പാസഞ്ചറും മാസങ്ങളായി നന്നാക്കാൻ പറ്റാതെ ഇവിടെ കിടക്കുന്നു.
അപകടത്തിൽപ്പെട്ട രണ്ട് സ്വിഫ്റ്റ് ബസുകൾ വേറെയും. ഒരു ബസിന് മൂന്ന് ജീവനക്കാർ എന്ന നിലയിൽ ഉണ്ടെങ്കിൽ മാത്രമേ കാര്യങ്ങൾ ഏറെക്കുറെ സുഗമമാവൂ. ചെയ്യുന്ന പണിക്ക് ആവശ്യമായ സ്പെയർ പാർട്സുകൾ ഇല്ല. ഓർഡർ ചെയ്ത് ദിവസങ്ങൾ കാത്താലാണ് പലതും ലഭിക്കുന്നത്. ആവശ്യമായ ഫണ്ട് ലഭിക്കാത്തതാണ് കാരണം.
സമയാസമയം സ്ഥലംമാറ്റവും അശാസ്ത്രീയമായ പരിഷ്കാരങ്ങളുമാണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പ്രധാന കാരണം. കോവിഡ് കാലത്ത് ആയിരത്തോളം ബസുകൾ ഇവിടെ കിടന്ന് നശിക്കുന്ന അവസ്ഥയുണ്ടായി.
കോടതിയുടെ ഇടപെടലുണ്ടായതോടെ മറ്റു ഡിപ്പോകളിൽനിന്ന് ആളെ കൊണ്ടുവന്ന് 800-ഓളം ബസുകൾ പെട്ടെന്ന് ഇറക്കിയ അനുഭവവും ഇവിടെ ഉണ്ട്. ഓഫീസടക്കുള്ളവ മലപ്പുറത്തേക്ക് മാറ്റിയത് അടുത്തകാലത്താണ്.
ടയർ റി ട്രേഡിങ് യൂണിറ്റും വർക്ക് ഷോപ്പും മാത്രമാണ് ഇനി അവശേഷിക്കുന്നത്. നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാൻ സർക്കാർ നടപ്പാക്കുന്ന നയങ്ങളാണ് മെക്കാനിക്കൽ വിഭാഗത്തിൽ ജീവനക്കാരുടെ കുറവിന് കാരണമെന്ന് അധികൃതർ പറഞ്ഞു. സ്പെയർ പാർട്സുകളെല്ലാം നേരത്തെ കിട്ടിയിരുന്നതുപോലെ ഇപ്പോഴും ലഭ്യമാക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.