ആന പിടിച്ചാൽ അനങ്ങാത്ത ചുവടുറപ്പുമായി ഏഴുവീതം പോരാളികൾ; വിജയം വലിച്ചിട്ടു
മലപ്പുറം ∙ വലിച്ചുകെട്ടിയ ഞാൺ പോലെ വിറയ്ക്കുന്ന വടം. ആന പിടിച്ചാൽ അനങ്ങാത്ത ചുവടുറപ്പുമായി ഏഴുവീതം പോരാളികൾ ഇരുവശത്തും. ഇരുമ്പു വേലിക്കു പിന്നിൽ നിന്നുയരുന്ന ആർപ്പുവിളികളുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്. മലയാള മനോരമയും മെറ്റ്കോൺ ടിഎംടിയും ചേർന്ന് ഇന്നലെ നടത്തിയ വടംവലി മേളത്തിൽ കേട്ടത് ഇതുവരെ കേൾക്കാത്ത ആവേശമേളം. ഇന്നലെ വൈകിട്ട് കൊണ്ടോട്ടി മേലങ്ങാടി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്തിലായിരുന്നു മലയാളിയുടെ എക്കാലത്തെയും കമ്പമായ കമ്പവലിയുടെ ബലാബലക്കാഴ്ചകൾ അരങ്ങേറിയത്.
കേരള ടഗ് ഓഫ് വാർ മെംബേഴ്സ് വെൽഫെയർ അസോസിയേഷൻ തിരഞ്ഞെടുത്ത ഒൻപതു ടീമുകളായിരുന്നു മത്സരാർഥികൾ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ജെആർപി അഡ്മാസ് മുക്കം, ഹായ് ഫ്രൻഡ്സ് കാലിക്കറ്റ്, സ്നേഹതീരം കാലിക്കറ്റ്, മലപ്പുറം ജില്ലയ്ക്കായി ക്ലാസിക് സ്രാമ്പിയ ബസാർ പുളിക്കൽ, ഗ്രാൻഡ് സ്റ്റാർ ചേവായൂർ, പുളിക്കൽ, ഉദയ പുളിക്കൽ, ആഹാ ഫ്രൻഡ്സ് എടപ്പാൾ, വയനാടിനായി ബാബാ വൈത്തിരി, തണ്ടർ ബോയ്സ് മീനങ്ങാടി എന്നീ ടീമുകൾ ബലം പരീക്ഷിച്ചു.
വടംവലി മേളത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ യോഗ്യരായ നാലു ടീമുകളെ കണ്ടെത്താനുള്ള മലബാർ മേഖലാ മത്സരം കൂടിയായിരുന്നു ഇത്. ലീഗ് റൗണ്ടിൽ ഉദയ പുളിക്കലും ആഹാ ഫ്രണ്ട്സ് എടപ്പാളും തമ്മിലുള്ള ആദ്യ മത്സരത്തോടെ വടംവലി മേളത്തിന് ആദ്യ കോലുവീണു. കരുത്തിന്റെ ആരോഹണ അവരോഹണ മേളമായിരുന്നു പിന്നീട്. താളത്തിൽ ചവിട്ടിക്കയറിയും ഇടയ്ക്കൊന്നു ലോക്കിട്ടു പിടിച്ചും ടീമുകൾ വാശിയുടെ പുത്തൻ ചരിത്രം സൃഷ്ടിച്ചു.
ലീഗ് റൗണ്ട് പിന്നിട്ട് കലാശക്കൊട്ടിലേക്ക് മത്സരം നീങ്ങിയതോടെ കാണികളുടെ ആരവും ഇരട്ടിയായി. ആഹാ ഫ്രണ്ട്സ് എടപ്പാൾ, ക്ലാസിക് സ്രാമ്പിയ ബസാർ പുളിക്കൽ, ഗ്രാൻഡ് സ്റ്റാർ ചേവായൂർ പുളിക്കൽ , ജെആർപി അഡ്മാസ് മുക്കം എന്നിവരായിരുന്നു സെമിയിലേക്ക് പ്രവേശിച്ചത്. സെമിയിൽ പ്രവേശിച്ച നാലിൽ മൂന്നു ടീം മലപ്പുറം ജില്ലയിൽ നിന്നായിരുന്നു. പ്രധാന താരത്തിനു പരുക്ക് പറ്റിയതിനാൽ ആഹാ എടപ്പാൾ സെമി മത്സരത്തിൽ ക്ലാസിക് സ്രാമ്പിയ ബസാറിനു വോക്കോവർ നൽകി.
സെമിയിൽ മത്സരിച്ചില്ലെങ്കിലും ആദ്യ നാലു സ്ഥാനക്കാരിൽ ഉൾപ്പെട്ടതിനാൽ ആഹാ ഫ്രണ്ട്സ് എടപ്പാളിന് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാം. ഗ്രാൻഡ് സ്റ്റാർ ചേവായൂർ പുളിക്കലിനെ തോൽപിച്ച് ജെആർപി അഡ്മാസ് മുക്കം ഫൈനലിലെത്തി. വടം കൂടുതൽ വലിഞ്ഞു മുറുകിയ ഫൈനൽ മത്സരത്തിൽ ക്ലാസിക് സ്രാമ്പിയ ബസാറിനെ അടിയറവു പറയിച്ച് ജെആർപി അഡ്മാസ് മുക്കം ഒന്നാം സ്ഥാനക്കാരായി.
കേരള ടഗ് ഓഫ് വാർ മെംബേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഷീദ് ആലുവ, ജില്ലാ സെക്രട്ടറി എം,പി.ഷഫീഖ് പുലാമന്തോൾ, ജില്ലാ കോഓർഡിനേറ്റർ റാഫി കൊളത്തൂർ ജില്ലാ വൈസ് പ്രസിഡന്റ് മർസൂഖ് കാരാത്തോട്, ജില്ലാ ട്രഷറർ ഹാദിസ് തിരൂർക്കാട്, ജില്ലാ വൈസ് പ്രസിഡന്റ് പ്രേംകുമാർ കുറ്റിപ്പാല എന്നിവർ മത്സരങ്ങൾക്കു നേതൃത്വം നൽകി.