BREAKING NEWSKERALALATEST NEWSPUBLIC INFORMATIONUPDATES

സുനാമിയെ എങ്ങനെ അതിജീവിക്കാം: വെളിയങ്കോട് തീരത്ത് മോക് ഡ്രിൽ

വെളിയങ്കോട്: സുനാമി ഉൾപ്പെടെയുള്ള തീരദേശ ദുരന്തങ്ങളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനവും വിലയിരുത്തുന്നതിനായി വെളിയങ്കോട് തണ്ണിത്തുറ സെന്ററിൽ വിപുലമായ മോക് ഡ്രിൽ സംഘടിപ്പിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിലായിരുന്നു പരിശീലനം.യുനെസ്കോയുടെ ഇന്റർഗവൺമെന്റൽ ഓഷ്യനോഗ്രാഫിക് കമ്മീഷന്റെ ‘സുനാമി റെഡി പ്രോഗ്രാമിന്റെ’ ഭാഗമായാണ് തീരശോഷണം നേരിടുന്ന വെളിയങ്കോട് തീരത്തെ മോക് ഡ്രില്ലിനായി തിരഞ്ഞെടുത്തത്.

സുനാമി മുന്നറിയിപ്പ് ലഭിക്കുന്നതുമുതൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കൽ, രക്ഷാപ്രവർത്തനം, അടിയന്തര വൈദ്യസഹായം, ഗതാഗത നിയന്ത്രണം തുടങ്ങിയ പ്രവർത്തനങ്ങളുടെ പ്രായോഗിക ഘട്ടങ്ങൾ മോക് ഡ്രില്ലിലൂടെ പരിശോധിച്ചു.രാവിലെ 9.45-ഓടെ വിവിധ വകുപ്പുകളിലെ ജീവനക്കാരും സംവിധാനങ്ങളും നയാര പെട്രോൾ പമ്പിന് സമീപം കേന്ദ്രീകരിച്ചു.

ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിൽ റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായെന്ന സാങ്കൽപ്പിക സന്ദേശം രാവിലെ 10ന് ലഭിച്ചതോടെ തീരദേശ ജില്ലകളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. തുടർന്ന് മേഖലയിൽ അപായ മുന്നറിയിപ്പ് അനൗൺസ്‌മെന്റുകൾ മുഴങ്ങി.രാവിലെ 10.30-ഓടെ സുനാമിത്തിരകൾ തീരത്തെത്തുമെന്ന സന്ദേശത്തെ തുടർന്ന് പോലീസ്, ഫയർഫോഴ്സ്, കോസ്റ്റ് ഗാർഡ്, സിവിൽ ഡിഫൻസ് വിഭാഗങ്ങൾ ചേർന്ന് ജനങ്ങളെ ഒഴിപ്പിച്ചു.

വീടുകളിൽ കുടുങ്ങിയ കിടപ്പുരോഗികളെയും കടലിലും മരങ്ങളിലും വീടുകളുടെ മുകളിലും ഒറ്റപ്പെട്ടുപോയവരെയും രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പായ മീറത്തുൽ അമ്പിയ മദ്റസയിലെത്തിച്ചു. മോട്ടോർ വാഹന വകുപ്പ് ഗതാഗത തടസ്സങ്ങൾ ഒഴിവാക്കി ആംബുലൻസുകൾക്ക് സുഗമമായ യാത്ര ഉറപ്പാക്കി. പരിക്കേറ്റവർക്ക് മെഡിക്കൽ സംഘം ക്യാമ്പിൽ അടിയന്തര ചികിത്സ നൽകി. ഉച്ചയ്ക്ക് 12 മണിയോടെ ജാഗ്രതാനിർദേശം പിൻവലിച്ചതോടെ മോക് ഡ്രിൽ പൂർത്തിയായി.

പൊന്നാനി താലൂക്ക് എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ ‘ഇൻസിഡന്റ് കമാൻഡ് സിസ്റ്റം’ വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ദുരന്തനിവാരണ വകുപ്പ്, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, ഫിഷറീസ്, കോസ്റ്റ് ഗാർഡ്, മോട്ടോർ വാഹന വകുപ്പ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾക്കൊപ്പം സന്നദ്ധ പ്രവർത്തകർ, ആപ്തമിത്ര, ആശ, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരും പങ്കാളികളായി.

മോക് ഡ്രില്ലിന് മുന്നോടിയായി ടേബിൾടോപ്പ് എക്സർസൈസും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. തുടർന്ന് നടന്ന അവലോകന യോഗത്തിൽ പൊന്നാനി തഹസിൽദാർ പ്രമോദ് പി. ലാസറസ്, ഡെപ്യൂട്ടി തഹസിൽദാർ കെ.കെ. ഗോപാലകൃഷ്ണൻ, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ദുരന്തസാഹചര്യങ്ങളിൽ അടിയന്തര പ്രതികരണ സംവിധാനങ്ങളുടെ കാര്യക്ഷമതയും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും ഉറപ്പാക്കാൻ മോക് ഡ്രിൽ സഹായകമായതായി അധികൃതർ വിലയിരുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button