ഗ്രാമസഭകൾ ഓൺലൈൻ സംവിധാനത്തിലേക്ക്; സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി
എടപ്പാൾ: ഗ്രാമസഭകളെ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പറഞ്ഞു. വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ഒന്നിച്ചോണം, ജനകീയ ഓണാഘോഷവും,ഷീ ഹോസ്റ്റലിന്റെ തറക്കല്ലിടലും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ഗ്രാമസഭകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കും. സംവിധാനം നിലവിൽ വരുന്നതോടെ കൂടുതൽ പേർക്ക് സൗകര്യപ്രദമായി ഗ്രാമസഭാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.വട്ടംകുളം സെന്ററിൽ നടന്ന ചടങ്ങിൽ എം.എൽ.എ. അഡ്വ. വി.എസ്. ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഷംന ഹംസ വിശിഷ്ടാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്കൽ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് എം.എ. നജീബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അസ്ഹർ പെരുമുക്ക്, കെ.പി. മെഹറുന്നിസ, വസീമ വള്ളേരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മജീദ് കഴുങ്ങിൽ, സുമതി, സുബിത, ആസൂത്രണ വിദഗ്ധൻ ടി.പി. ഹൈദ്രാലി, ജില്ലാ വികസന സമിതി അംഗം ഇബ്രാഹിം മൂതൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ്. പ്രസിഡന്റ് ബിന്ദു എന്നിവർ സംസാരിച്ചു.