ഐഡിയൽ സ്കൂളിൽ പ്രവേശനോൽസവം വർണാഭമായി
എടപ്പാൾ: 2026-27 അധ്യയന വർഷത്തിന് തുടക്കം കുറിച്ച് ഐഡിയൽ സ്കൂളിൽ പ്രവേശനോൽസവം ആഘോഷപൂർവ്വം നടന്നു.
നവാഗതരായ കുരുന്നുകളെ പൂക്കളും മധുരപലഹാരങ്ങളും നൽകി അധ്യാപകരും സീനിയർ വിദ്യാർത്ഥികളും ചേർന്ന് ഹൃദ്യമായി വരവേറ്റു. ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലേക്ക് പുതുതായി എത്തിയ വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ വിഭാഗം അധ്യാപകർ ഓരോ മരത്തൈ സമ്മാനിച്ചാണ് സ്വീകരിച്ചത്. പ്രകൃതി സ്നേഹത്തിന്റെ സന്ദേശം പകർന്നായിരുന്നു ഈ സ്വീകരണം.
പ്രൈമറി, മോണ്ടിസോറി വിഭാഗങ്ങളിൽ ബലൂണുകളും വർണക്കടലാസുകളും കൊണ്ട് അലങ്കരിച്ച കാമ്പസിലേക്ക് കുട്ടികളെ മധുരം നൽകി ആനയിച്ചു. എൽ.പി, യു.പി വിഭാഗങ്ങളിൽ ഗെയിമുകൾ, പാട്ട്, ഡാൻസ് തുടങ്ങിയ കലാപരിപാടികളോടെയാണ് കുട്ടികളെ വരവേറ്റത്.
മാനേജർ മജീദ് ഐഡിയൽ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. സി.ബി.എസ്.ഇ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ് അധ്യക്ഷയായിരുന്നു. പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ സമഗ്ര വികസനത്തിനാണ് സ്കൂൾ മുൻഗണന നൽകുന്നതെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.
ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ, ഹൈസ്കൂൾ എച്ച്.എം ചിത്ര ഹരിദാസ്, സുപ്രിയ ഉണ്ണികൃഷ്ണൻ, ബിന്ദു മോഹൻ, ഉഷ കൃഷ്ണകുമാർ, ബിന്ദു പ്രകാശ്, പി.വി സിന്ധു, വിജയാനന്ദ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു.