കർണാടകയിൽ വാഹനാപകടം: മലപ്പുറത്തുനിന്നുള്ള ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ടു
ഗുണ്ടൽപേട്ട്: കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപം ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം മമ്പുറം വട്ടത്തങ്ങാടി സ്വദേശി മുനീർ (30), അദ്ദേഹത്തിന്റെ ഭാര്യ മാതാവ് മുനീറ (45), മോഹിസ് സിദാൻ (മൂന്നര) എന്നിവരാണ് മരിച്ചത്.
കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഗുണ്ടൽപേട്ടക്ക് സമീപത്തുള്ള ടോൾ പ്ലാസക്ക് അടുത്ത് വച്ച് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
. പരിക്കേറ്റവരിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. അപകടശേഷം നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് ഏറെ നേരം പരിശ്രമിച്ചാണ് കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്.
അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.