KERALA

തീറ്റ മത്സരത്തിൽ താരമായി റഷിൻ.

തൃശ്ശൂർ : ബിരിയാണിയുമായി ഒരു ഏറ്റുമുട്ടലിനായിരുന്നില്ല എ.ആർ. റഷിൻ എത്തിയത്. പഠനത്തിനിടെ വരുമാനം കണ്ടെത്താനുള്ള കാറ്ററിങ് ജോലിക്ക് വന്നതാണ്. എന്നാൽ മൊത്തം സീൻ കണ്ടപ്പോൾ ഒരാവേശം. ഒരു കൈ നോക്കിയാലോ. അതോടെ തൃശ്ശൂരിൽ റപ്പായി ഫൗണ്ടേഷൻ നടത്തിയ തീറ്റമത്സരത്തിലെ താരമായി ഈ പത്തൊമ്പതുകാരൻ മാറുകയായിരുന്നു. ഇന്നുവരെ ഒരു തീറ്റമത്സരത്തിനും പങ്കെടുത്തിട്ടില്ലാത്ത റഷിൻ, അര മണിക്കൂർകൊണ്ട് അകത്താക്കിയത് രണ്ടരക്കിലോ ചിക്കൻ ബിരിയാണി.
ഓരോ കിലോവീതം ബിരിയാണിയാണ് ഇലയിലേക്ക് ഇട്ടുകൊടുത്തത്. പ്രൊഫഷണൽ തീറ്റക്കാരന്റെ ശൈലിയിൽ തന്നെ ബിരിയാണിക്കൂനയെ ഒന്നു തട്ടിനിരത്തി, ഇടംവലം നോക്കാതെ റഷിന്റെ നിശ്ശബ്ദതീറ്റ തുടങ്ങി. ഇടയ്ക്കിടെ സലാഡും അച്ചാറും ബിരിയാണിച്ചോറിൽ പുരട്ടി അകത്തേക്കുവിടും. 15 മിനിറ്റുകൊണ്ട് ഒരു കിലോ, അടുത്ത 15 മിനിറ്റിൽ അടുത്ത ഒരു കിലോ. മൂന്നാമതും ഇട്ടതിന്റെ പകുതിയും അകത്താക്കിക്കഴിഞ്ഞപ്പോൾ ഒരു ‘വലിവ്’ . തീർക്കെടാ, തീർക്കെടാ.. എന്ന് അടുത്തിരുന്ന കൂട്ടുകാരന്റെ വക പ്രോത്സാഹനം കേട്ടപ്പോൾ റഷിന്റെ കമന്റ് ഇങ്ങനെ. ‘നിനക്ക് പറയാം, വയറു ഫുള്ളായി, നിർത്തിയെടാ..’
പൂത്തോൾ സ്വദേശി റഷിൻ സെയ്ന്റ് തോമസ് കോളേജിൽ രണ്ടാംവർഷ ബി.എ. ഇംഗ്ലീഷ് വിദ്യാർഥിയാണ്. സ്പോർട്‌സ്‌മാൻ സ്പിരിറ്റിൽ കഴിച്ചതുകൊണ്ട് ജയിച്ചുവെന്നേയുള്ളെന്ന് റഷിൻ പറഞ്ഞു. അല്ലാതെ ഞാനൊരു ‘തീറ്റ റഷിൻ’ ഒന്നുമല്ല. 5000 രൂപയും ഗിഫ്റ്റ് കൂപ്പണും തേക്കടിയിലേക്ക് രണ്ടു ദിവസത്തെ ഉല്ലാസയാത്രയുമാണ് റഷിൻ കഴിച്ചു സ്വന്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button