16കാരി സ്പായില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം: കോവളത്ത് ആന്ധ്രാ സ്വദേശിനിയായ 16കാരി സ്പായില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് അംഗം ഡോ. എഫ് വില്‍സണാണ് കേസെടുത്തത്.
ജില്ലാ പോലിസ് മേധാവി, തിരുവനന്തപുരം മുനിസിപ്പല്‍ കോര്പ്പറേഷന് സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരോട് കമ്മീഷന് റിപോര്‍ട്ട് ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനായി എത്തിച്ചത് മനുഷ്യ കടത്താണ് എന്നാണ് പോലിസ് പറയുന്നത്. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് ഇളയമ്മയും ഭര്‍ത്താവും ബാംഗ്ലൂരില്‍ അടക്കം പെണ്‍കുട്ടിയെ എത്തിച്ചിരുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന മസാജിങ് സെന്റര്‍ ഉടമയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് ബിനാമി പേരില്‍ എന്ന് പോലിസ് കണ്ടെത്തി. ഇയാളുടെ ഫോണിലേക്ക് പ്രതികള്‍ നിരന്തരം വിളിച്ചതിന്റെ വിവരങ്ങള്‍ പോലിസിന് ലഭിച്ചു. കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്. ചെറിയമ്മ ചെന്നൈയിലും സ്പാകളിലെത്തിച്ച് തന്നെ ലൈംഗികചൂഷണം നടത്തിയിരുന്നതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. ആന്ധ്രാസ്വദേശിയായ 16കാരിയെ സ്പായിലെത്തിച്ച് ലൈംഗികചൂഷണം ചെയ്ത കേസില്‍ കോവളത്തെ ‘കേരള സ്പാ’ ഉടമ ആലപ്പുഴ മാവേലിക്കര നൂറനാട് പടനളം ശിവക്ഷേത്രത്തിനുസമീപം നടുവിലെമുറി നയനവീട്ടില് സജിത്ത് കുമാര്‍(47), ‘ഡ്രീംസ് സ്പാ’ ഉടമ പൂവാര്‍ ആശുപത്രി ജങ്ഷന് സാഫല്യംവീട്ടില് എം എസ് നിശാന്ത് (46) എന്നിവരെയാണ് കോവളം പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
പോലിസ് കേസടുത്തതിന് പിന്നാലെ കോവളം ബീച്ച് കേന്ദ്രീകരിച്ചുള്ള അനധികൃത സ്പാ കേന്ദ്രങ്ങളില്‍ ഇന്നും പരിശോധന തുടരും. മുഖ്യപ്രതികളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. പെണ്‍കുട്ടിയുടെ ഇളയമ്മയേയും ഭര്‍ത്താവിനെയുമാണ് ഇന്ന് കോവളത്ത് എത്തിക്കുക.
ഇന്നലെ ആന്ധ്രപ്രദേശില്‍ നിന്ന് ഇവരെ കോവളം പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. അച്ഛനും അമ്മയുമില്ലാത്ത പെണ്‍കുട്ടിയെ ഇതേ സ്പാകളില്‍ ജീവനക്കാരായ ചെറിയമ്മയും ഭര്‍ത്താവുമാണ് സ്പാ ഉടമകള്‍ക്ക് കൈമാറിയത്. ഇരുവരും അനാശാസ്യപ്രവൃത്തികള്ക്ക് നേതൃത്വം നല്കുന്നവരാണെന്നും പോലിസ് പറഞ്ഞു. ചൂഷണം സഹിക്കാതെയായപ്പോള്‍ പെണ്‍കുട്ടി സ്പായില്വച്ച് പരിചയപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശിയോടൊപ്പം രക്ഷപ്പെട്ടു. ചെറിയമ്മ കുട്ടിയെ കാണാനില്ലെന്ന് പോലിസില്‍ പരാതി നല്കി. കുട്ടിയെ പോലിസ് കണ്ടെത്തി കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്.