ജുഹുവിലെ വെടിവെയ്പ്പ്: പരിക്കേറ്റ ടൈഗർ ഷ്രോഫിന്റെ ചിത്രങ്ങൾ പുറത്ത്; നടന്റെ വീട്ടിലെത്തി സന്ദർശിച്ച് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ
ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ മുംബൈ ജുഹുവിലുണ്ടായ വെടിവെയ്പ്പ് സംഭവത്തിന് ശേഷമുള്ള ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. വെടിവെയ്പ്പിൽ പരിക്കേറ്റ് ശരീരത്തിൽ ബാൻഡേജുകളോടെ വീട്ടിലിരിക്കുന്ന ടൈഗർ ഷ്രോഫിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നടന്റെ ജുഹുവിലെ വസതിയിലെത്തി കുടുംബത്തെ സന്ദർശിക്കുകയും സുരക്ഷ ഉറപ്പുനൽകുകയും ചെയ്തു.ഞായറാഴ്ച വൈകുന്നേരം ജുഹുവിലെ ഒരു ഫുട്ബോൾ ക്ലബ്ബിന് പുറത്തുവെച്ചാണ് ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ അജ്ഞാതരായ അക്രമികൾ വെടിയുതിർത്തത്. ആക്രമണത്തിൽ താരത്തിന് വെടിയേറ്റിട്ടില്ലെങ്കിലും, ഗൺപൗഡറും ചില്ലുചീളുകളും തെറിച്ച് കൈക്കും ശരീരത്തിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ടൈഗറുടെ ഡ്രൈവർക്കും മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.നടനെ സന്ദർശിച്ച ശേഷം സംസാരിച്ച ഏകനാഥ് ഷിൻഡെ, മുംബൈയിൽ ആരുടെയും ‘ദാദാഗിരി’ നടക്കില്ലെന്നും ഇത്തരം ഭീഷണികളെയും ഗുണ്ടായിസത്തെയും വെച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. പ്രമുഖർക്ക് സുരക്ഷയൊരുക്കാൻ സർക്കാർ ഒപ്പമുണ്ടെന്നും പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.