സൗദി പ്രൊ ലീഗിലേക്ക് മെസ്സി എത്തുമോ? റൊണാള്‍ഡോയുടെ വരവിന് ശേഷം ഒരു മാസത്തിനുള്ളിൽ സൗദി പ്രോ ലീഗിന് പോർച്ചുഗൽ, ഇറ്റലി, ഗ്രീസ്, ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ സംപ്രേക്ഷണ അവകാശം വില്‍ക്കാന്‍ കഴിഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ സൗദിയിലെ അൽ നസ്റിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടുമാറിയതോടെ ലോകമെമ്പാടും വലിയ വാർത്താ പ്രാധാന്യം സൗദിയിലെ ഫുട്ബോളിന് ലഭിച്ചിരുന്നു. ഈ വേനൽക്കാലത്ത് സൗദി പ്രോ ലീഗിലേക്ക് (എസ്.പി.എൽ) ലയണൽ മെസ്സി എത്തുമെന്ന അഭ്യൂഹങ്ങള്‍ ഫുട്ബോള്‍ വൃത്തങ്ങള്‍ തള്ളിക്കളയാത്തത് സൗദി അറേബ്യ നടത്തുന്ന നീക്കങ്ങള്‍ അറിയാവുന്നത് കൊണ്ടാണ്. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാര്‍ സൗദി അറേബ്യയുടെ ഫുട്ബോൾ നിലവാരം ഉയർത്തിക്കൊണ്ടിരിക്കുമ്പോൾ ഈ വേനൽക്കാലത്ത് മിഡിൽ ഈസ്റ്റ് രാജ്യത്തേക്ക് മാറുന്ന കളിക്കാരുടെ എണ്ണത്തിലും മാറ്റം വരുമെന്നാണ് ഇ.എസ്.പി.എന്‍ റിപ്പോർട്ട് ചെയ്യുന്നത്.