സ്വർണ വില താഴോട്ട്; രണ്ടുദിവസം കൊണ്ട് കുറഞ്ഞത് പവന് 920 രൂപ
കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വലിയ കുറവുണ്ടായി. ബുധനാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തിയ പിന്നാലെയാണ് വ്യാഴാഴ്ച വലിയ വിലക്കുറവ്. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് അഡ്വാന്‍സ് ബുക്ക് ചെയ്യാം. ഈ വിലക്കുറവ് താല്ക്കാലികമാണ് എന്നാണ് കരുതുന്നത്. ഏത് സമയവും തിരിച്ചുകയറാന്‍ കഴിയുന്ന വിധമാണ് സ്വര്‍ണവിപണിയിലെ കാര്യങ്ങള്‍.
രാജ്യാന്തര വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. അമേരിക്കയിലെ പലിശ നിരക്ക് ഉടന്‍ കുറയ്ക്കില്ല എന്ന പ്രചാരണം വന്നതാണ് കാരണം. ബുധനാഴ്ച 240 രൂപയാണ് ഒരു പവന് കുറഞ്ഞിരുന്നത്. ഇന്ന് 680 രൂപ കുറഞ്ഞു. രണ്ട് ദിവസം കൊണ്ട് 920 രൂപയുടെ വില കുറഞ്ഞത് ആഭരണം വാങ്ങാനിരുന്നവര്‍ക്ക് ആശ്വാസമാണ്. കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ കുറഞ്ഞ് 10490 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ കുറഞ്ഞ് 8620 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6710 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4330 രൂപയുമാണ് ഏറ്റവും പുതിയ വില. 22 കാരറ്റ് സ്വര്‍ണം പവന് 83920 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണം പവന് 68960 രൂപയും 14 കാരറ്റ് പവന് 53680 രൂപയും 9 കാരറ്റ് പവന് 34640 രൂപയുമാണ് പുതിയ വില. വെള്ളിയുടെ ഗ്രാം വില 144 രൂപയില്‍ തുടരുന്നു.
അമേരിക്കയില്‍ പലിശ നിരക്ക് ഇനിയും കുറയ്ക്കുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്ത. അതുണ്ടാകില്ല എന്ന സൂചന ലഭിച്ചതോടെ പലരും സ്വര്‍ണം വിറ്റ് പണമാക്കാന്‍ തുടങ്ങി. ഇതാണ് സ്വര്‍ണവില പൊടുന്നനെ കുറയാന്‍ കാരണം. 3700 ഡോളര്‍ വരെ ഉയര്‍ന്ന ഔണ്‍സ് സ്വര്‍ണം ഇന്ന് 3340 ഡോളറിലെത്തി. എന്നാല്‍ വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ല എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.