PUBLIC INFORMATION

സ്വര്‍ണവില മുന്നോട്ട് തന്നെ; കേരളത്തില്‍ ഇന്നും റെക്കോര്‍ഡ്

കേരളത്തില്‍ ഇന്നും സ്വര്‍ണവില വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3700 ഡോളറിന് അടുത്തെത്തിയ പിന്നാലെയാണ് കേരളത്തിലും വില കൂടുന്നത്. ഔണ്‍സ് വില വൈകാതെ 4000 എത്തുമെന്നാണ് പ്രവചനങ്ങള്‍. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ വില 90000 കടന്ന് കുതിക്കും. വില താഴാന്‍ സാധ്യത കുറവാണ് എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.

ഈ മാസം ഒന്നിന് 77640 രൂപയായിരുന്നു ഒരു പവന്റെ വില. ഇന്നത്തെ വിലയില്‍ നിന്ന് ഏകദേശം 5000 രൂപ കുറവായിരുന്നു അന്ന്. ആ വേളയില്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇന്ന് തിരിച്ചു വില്‍ക്കുമ്പോള്‍ ഇത്രയും രൂപ ലാഭം കിട്ടും. ഇനിയും വില കുതിക്കുമെന്ന് കരുതുന്ന വ്യക്തികള്‍ സ്വര്‍ണം വില്‍ക്കുന്നത് വൈകിപ്പിച്ചേക്കാം. ജിഎസ്ടി ഇളവ് കൂടി കിട്ടിയതോടെ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പേരെത്തുമെന്നാണ് വിപണിയിലെ പ്രതീക്ഷ.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 82560 രൂപയായി ഉയര്‍ന്നു. 320 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 10320 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 8480 രൂപയാണ് ഇന്നത്തെ നിരക്ക്. മാസങ്ങള്‍ക്ക് മുമ്പ് 22 കാരറ്റിന് ഈ വിലയായിരുന്നു. വില കുതിക്കുന്നതോടെ കൂടുതല്‍ പേര്‍ 22 കാരറ്റ് വിട്ട് 18 കാരറ്റ് വിട്ട് 18 കാരറ്റിലേക്ക് എത്തുകയാണ്.

അതേസമയം, 14 കാരറ്റ് സ്വര്‍ണത്തിനും ആവശ്യക്കാര്‍ ഏറി വരുന്നുണ്ട്. ഈ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6600 രൂപയാണ്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4260 രൂപ നല്‍കണം. എന്നാല്‍ ഇന്ന് വിപണിയില്‍ ഞെട്ടിച്ചത് വെള്ളിയാണ്. ഗ്രാമിന് 5 രൂപ വര്‍ധിച്ച് 140 രൂപയായി. ഇത്രയും ഉയര്‍ന്ന അളവില്‍ വെള്ളിക്ക് വില കൂടുന്നത് ആദ്യമാണ്.

ഡോളര്‍ കരുത്തു കൂട്ടുന്നു എന്നതാണ് വിപണിയിലെ പുതിയ മാറ്റം. ഏറെ നാളായി തളര്‍ന്നു കിടക്കുന്ന ഡോളര്‍ ഇന്ന് 97.80 എന്ന നിരക്കിലെത്തി. ഡോളര്‍ ഇനിയും കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവില കുറയും. മാത്രമല്ല, ഇന്ത്യന്‍ രൂപ വെല്ലുവിളി നേരിടുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും 88ന് താഴേക്ക് പോയി. 88.19 ആണ് പുതിയ നിരക്ക്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ ഇനിയും മാറ്റം പ്രതീക്ഷിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button