സിക്കിം ഗവർണർ നിയമനത്തിനെതിരെയുള്ള പ്രതിഷേധം: അങ്കിത ഭണ്ഡാരിയുടെ കുടുംബത്തെ കണ്ട് രാഹുലും പ്രിയങ്കയും
ഉത്തരാഖണ്ഡിൽ കൊല ചെയ്യപ്പെട്ട അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ ഡൽഹി ഇന്ത്യ ഗേറ്റിൽ നടത്തുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചതിനെതിരെയാണ് അങ്കിതയുടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയത്.
അങ്കിത കൊലക്കേസിലെ സി.ബി.ഐ അന്വേഷണം പൂർത്തിയാകുന്നതുവരെ ദുഷ്യന്ത് കുമാർ ഗൗതമിന്റെ ഗവർണർ നിയമനം തടയണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കളായ വീരേന്ദ്ര സിംഗ് ഭണ്ഡാരിയും സോണി ദേവിയും ഇന്ത്യ ഗേറ്റിൽ പ്രതിഷേധിക്കുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എം.പി പ്രിയങ്ക ഗാന്ധിയും സമരസ്ഥലത്തെത്തി കുടുംബാംഗങ്ങളെ നേരിൽ കാണുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. കേസിലെ അന്വേഷണം അവസാനിക്കും മുമ്പ് ഇത്തരം പദവികൾ നൽകരുതെന്ന് അങ്കിതയുടെ കുടുംബം രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചു.