KERALA

സഹപാടികളുടെയും അദ്ധ്യാപകരുടെയും ഫോൺ നമ്പറും ചിത്രങ്ങളും അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്ത വിദ്യാർത്ഥി അറസ്റ്റിൽ

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി വിദ്യാര്‍ത്ഥിനികളെയും അദ്ധ്യാപകരെയും അപകീര്‍ത്തിപ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി സൈബര്‍ പൊലീസിന്റെ പിടിയിലായി. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ അശ്ലീല ചാറ്റ് നടത്താന്‍ സാധിക്കുന്ന കനേഡിയന്‍ ഡേറ്റിങ് സൈറ്റാണു വിദ്യാര്‍ത്ഥി ഉപയോഗിച്ചത്. കഴിഞ്ഞ രണ്ടു മാസമായി തിരുവനന്തപുരം ജില്ലയിലെ ഒരു വിദ്യാലയത്തിലെ നിരവധി രക്ഷിതാക്കളില്‍നിന്നും സ്‌കൂള്‍ അധികൃതരില്‍നിന്നും ലഭിച്ച പരാതികളില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റകൃത്യം ചെയ്ത വിദ്യാര്‍ത്ഥിയെ സൈബര്‍ പൊലീസ് കണ്ടത്തിയത്.
അപരിചിതരായ ചാറ്റിങ് പങ്കാളികള്‍ക്കു തന്റെ സഹപാഠികളായ വിദ്യാര്‍ത്ഥിനികളുടെയും അദ്ധ്യാപികമാരുടെയും ചിത്രങ്ങള്‍ അശ്ലീല കമന്റുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്തു ഫോണ്‍ നമ്ബര്‍ സഹിതം പോസ്റ്റു ചെയ്യുകയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ എടുത്ത ചിത്രങ്ങളാണു പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ഇതിനായി ഉപയോഗിച്ചത്. ഉപഭോക്താവിന്റെ യാതൊരു തിരിച്ചറിയല്‍ വിവരങ്ങളും ലഭ്യമല്ലാത്ത വെബ്‌സൈറ്റില്‍നിന്നും കുറ്റകൃത്യം ചെയ്ത ആളെ കണ്ടെത്തുന്നതു പ്രയാസമായിരുന്നു.
നിരവധി നെറ്റ് വര്‍ക്കുകളും ഫോണുകളും ഐപി വിലാസങ്ങളും വിപിഎന്‍ സര്‍വീസുകളും നിരന്തരം നിരീക്ഷിച്ചു നടത്തിയ അന്വേഷണത്തിലൊടുവിലാണു കുറ്റകൃത്യത്തിലേര്‍പ്പെട്ട ആളെയും കുറ്റകൃത്യത്തിനുപയോഗിച്ച മൊബൈല്‍ ഫോണും കണ്ടെത്തിയത്. കുറ്റകൃത്യത്തിനുപയോഗിച്ച ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി സഹവിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ അടക്കം ചാറ്റ് നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു.
തിരുവനന്തപുരം ജില്ലയിലെ സ്കൂളിലാണ് സംഭവം നടന്നത്. പ്ലസ് വണ്ണിൽ പഠിക്കുന്ന വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കൗൺസിലിംഗിന് വിധേയമാക്കും ഉത്തരേന്ത്യയിൽ നിന്നും വിദേശത്തുനിന്നുമെല്ലാം മെസ്സേജും കോളും വന്നപ്പോഴാണ് പോലീസിൽ പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റക്കാരനായ കുട്ടിയേയും മൊബൈൽ ഫോണും കണ്ടെടുത്തത്. വിവരങ്ങൾ ലഭ്യമാക്കാതെയുള്ള ഈ വെബ്സൈറ്റിനെതിരെ റിപ്പോർട്ട്‌ ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി പി.കെ.മധുവിന്റെ മേല്‍നോട്ടത്തില്‍ അഡിഷണല്‍ എസ്‌പി ഇ.എസ്.ബിജുമോന്‍, തിരുവനന്തപുരം റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്‌പി വിജുകുമാര്‍.എന്‍ എന്നിവരുടെ നേതൃത്വത്തില്‍ റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രതീഷ്.ജി.എസ്, എസ്‌ഐ സതീഷ് ശേഖര്‍, എസ്‌സിപിഒ സുധീര്‍, സിപിഒമാരായ അദീന്‍ അശോക്, ശ്യാം, സൗമ്യ എന്നിവരടങ്ങുന്ന സംഘമാണു പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button