MALAPPURAM

ചെമ്മാട്ടെ പൊലീസ് ക്വാർട്ടേഴ്സുകൾ പൊളിച്ച് പൊലീസ് ഹബിനു പദ്ധതി

തിരൂരങ്ങാടി ∙ ചെമ്മാട് ടൗണിൽ ജീർണാവസ്ഥയിൽ കിടക്കുന്ന പൊലീസ് ക്വാർട്ടേഴ്സുകൾ പൊളിച്ചു നീക്കി പുതിയ ക്വാർട്ടേഴ്സും അനുബന്ധ സ്ഥാപനങ്ങളും നിർമിക്കാൻ പദ്ധതി. 1.14 ഏക്കറിലെ ക്വാർട്ടേഴ്സുകൾ കാലപ്പഴക്കത്താൽ പൂർണമായും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. പൊന്നുംവില കിട്ടുന്ന സ്ഥലത്ത് കെട്ടിടങ്ങൾ നശിച്ചു കൊണ്ടിരിക്കുന്നതിനെ തുടർന്ന് യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ.റസാഖ് കഴിഞ്ഞ മാസം നടന്ന സർക്കാർ അദാലത്തിൽ നൽകിയ പരാതിക്ക് ലഭിച്ച മറുപടിയിലാണ് ഇവിടെ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് അറിയിച്ചത്. 

ക്വാർട്ടേഴ്സുകൾ പൊളിച്ച് പൊലീസ് സ്റ്റേഷൻ, ഡിവൈഎസ്പി ഓഫിസ്, ട്രാഫിക് യൂണിറ്റ്, ഫയർ ആൻഡ് റസ്ക്യു യൂണിറ്റ്, പൊലീസ് ക്വാർട്ടേഴ്സ് തുടങ്ങിയവ ഉൾപ്പെടുന്ന പൊലീസ് ഹബ് നിർമിക്കണമെന്നയിരുന്നു ആവശ്യം. ഇവ പരിഗണിക്കുന്നതോടൊപ്പം പുതിയ ക്വാർട്ടേഴ്സ് നിർമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. നിർമാണം ഉടൻ ആരംഭിക്കുമെന്നും അറിയിച്ചു. 

പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പുതിയ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. അതിനുള്ള സ്ഥലം ഇവിടെയാണ് കാണുന്നത്. താനൂർ സബ് ഡിവിഷൻതല ടെക്നിക്കൽ കേഡർ ഓഫിസ് ആരംഭിക്കുന്നതിനായി ക്വാർട്ടേഴ്സ് വളപ്പിലുള്ള പഴയ സിഐ ഓഫിസ് കെട്ടിടം അനുവദിക്കുന്നതിന് ടെലി കമ്യൂണിക്കേഷൻസ് പൊലീസ് ഇൻസ്പെക്ടർ ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ നൽകിയിട്ടുമുണ്ട്. 

ഉപയോഗശൂന്യമായ കെട്ടിടങ്ങൾ തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും കേന്ദ്രമാണ്. പരിസരമാകെ കൊതുകുവളരുന്നതിനും കാരണമാകുന്നുണ്ട്. ക്വാർട്ടേഴ്സ് വളപ്പിൽ പുതിയ 2 ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ മാത്രമാണ് ഉപയോഗത്തിലുള്ളത്. സിഐ ഓഫിസും ഉപയോഗിക്കാത്തതിനാൽ നശിച്ചു കൊണ്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button