വിവാദമായ എടപ്പാൾ ഭൂമി കയ്യേറ്റം പുതിയ വഴിത്തിരിവിൽ; പ്രെടോൾ പമ്പ് പൊതുമരാമത്ത് വകുപ്പിൻ്റെ കൈവശമുള്ള റോഡിലേക്ക് 3 മീറ്ററോളം ഇറങ്ങിയതായി കണ്ടെത്തൽ
എടപ്പാൾ: എടപ്പാൾ ടൗണിൽ അന്യാധീനപ്പെട്ട് കിടന്നിരുന്ന എം.പി. തെയ്യൻ മേനോൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻ്റ് ഇ.വി. അനീഷ് , ഡി.സി.സി. സെക്രട്ടറി ഇ.പി. രാജീവ് എന്നിവർ നൽകിയ പരാതിയെ തുടർന്ന് ജില്ലാ സർവ്വേ സൂപ്രണ്ടൻ്റ് സിന്ധു പ്രേംലാലിൻ്റെ നേതൃത്വത്തിൽ റീ സർവ്വേ നടത്തി. പട്ടാമ്പി റോഡിൽ സഫാരി മൈതാനി പരിസരത്ത് നിന്ന് ആരംഭിച്ച സർവ്വ പ്രകാരം തെയ്യൻ മേനോൻ്റെ ഉടമസ്ഥതിയിലുള്ള സ്ഥലം മേൽപ്പാലത്തിന് താഴെയാണെന്ന് കണ്ടെത്തി. അതേസമയം പ്രെടോൾ പമ്പ് നിൽക്കുന്ന ഭൂമിയുടെ പടിഞ്ഞാറ് ഭാഗത്തെ അതിർത്തി പൊതുമരാമത്ത് വകുപ്പിൻ്റെ കൈവശമുള്ള റോഡിലേക്ക് 3 മീറ്ററോളം ഇറങ്ങിയിട്ടാണെന്നും കണ്ടെത്തി അത് പ്രകാരം തനുപാതികമായ അളവ് സ്ഥലം പമ്പ് ഉടമയുടെ പറമ്പിൽ നിന്ന് കുറയേണ്ടതാണ് എന്നാൽ അത് കുറഞ്ഞിട്ടുമില്ല. ഇതാണ് ഇപ്പോൾ പുതിയ വിവാദത്തിന് വഴിയൊരുക്കിയിട്ടുള്ളത്. തൃശ്ശൂർ റോഡിൽ ഉണ്ടായിരുന്ന സർവ്വേ കല്ല് കാണാൻ കഴിയാത്തതും കൃത്യമായി അതിർത്തി നിർണ്ണയിക്കുന്നതിന് തടസ്സമായിട്ടുണ്ട്. പമ്പിൻ്റെ അതിർത്തി 3 മീറ്ററോളം റോഡിലേക്ക് പോയിട്ടും പമ്പിൻ്റെ മൊത്തം അളവിൽ കുറവ് വരാത്തതിൽ അപാകതയുണ്ടെന്ന് ഇ .വി.അനീഷും ഇ.പി. രാജീവും ആരോപിച്ചു. പമ്പിൻ്റെ സ്ഥലം മാത്രം അളന്ന് വ്യക്തത വരുത്തുന്നതിനും കൃത്യമായ അളവ് ലഭിക്കാൻ ഡിജിറ്റൽ സർവ്വേ നടത്താൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും ഇവർ അറിയിച്ചു. ജില്ലാ ഹെഡ് സർവ്വെയർ ജയകുമാരി, താലൂക്ക് സർവ്വെയർ നാരായണൻകുട്ടി, പരാതിക്കാരായ ഇ. വി. അനീഷ് , ഇ.പി. രാജീവ്, പമ്പുടമാ പ്രതിനിധികൾ, പൊതുമരാമത്തു ഉദ്ദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.