രാജ്യാന്തര ചലച്ചിത്രാത്സവത്തിന് ഡിസംബർ ഒൻപതിന് തുടക്കം
27-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബർ ഒൻപതിന് തിരുവനന്തപുരത്ത് തിരി തെളിയും. എട്ടു ദിവസത്തെ മേളയില്‍ ഇത്തവണ 15 തീയറ്ററുകളിലായി 185 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത് . സെർബിയയിൽ നിന്നുള്ള ആറു ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.
അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം,ക്ലാസിക്കുകളുടെ വീണ്ടെടുപ്പ് , ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ ,കൺട്രി ഫോക്കസ് ,ഹോമേജ് തുടങ്ങി 17 വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.
ലോക സിനിമയിൽ നിശ്ശബ്ദതയുടെ സൗന്ദര്യം വിളിച്ചോതുന്ന അപൂർവചിത്രങ്ങളും യുദ്ധവും ജീവിതത്തിന്റെ അതിജീവനവും പ്രമേയമാക്കിയ സെർബിയൻ ചിത്രങ്ങളുമാണ് മേളയുടെ മുഖ്യ ആകർഷണം.പതിനായിരത്തോളം പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പ്രവേശനം അനുവദിക്കുന്നത് .
എഫ് ഡബ്ലിയൂ മുർണോ,എമിർ കുസ്റ്റുറിക്ക ,ബേലാ താർ ,അലഹാന്ദ്രോ ഹോഡറോവ്സ്കി, പോൾ ഷ്രെഡർ എന്നിവരുടെ ചിത്രങ്ങൾ അടങ്ങിയ പ്രത്യേക പാക്കേജുകൾ, സൈലന്റ് ഫിലിംസ് വിത്ത് ലൈവ് മ്യൂസിക് എന്നിവയും ഇത്തവണത്തെ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന കൺട്രി ഫോക്കസ് വിഭാഗത്തിൽ ഇത്തവണ സെർബിയൻ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
അന്തരിച്ച ഫ്രഞ്ച് സംവിധായകനായ ഴാങ് ലൂക് ഗൊദാർദ് , ടി പി രാജീവൻ തുടങ്ങിയവർക്ക് മേളയിൽ ആദരമര്‍പ്പിക്കും. ലോകപ്രസിദ്ധ സംവിധായകരായ ഹോംഗ് സാങ്‌സു ,ബഹ്‌മാൻ ഗൊബാഡി,ഹിറോഖാസു കൊറീദ,ഇറാനിയൻ സംവിധായകനായ ജാഫർ പനാഹി,കൊറിയൻ സംവിധായകൻ കിം-കി-ഡുക്ക് തുടങ്ങിയവരുടെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും .സിനിമാക്കാഴ്ചകൾക്കൊപ്പം സംഗീത നിശകൾക്കും വേദിയൊരുക്കുന്ന ചലച്ചിത്ര മേള ഡിസംബർ 16 ന് സമാപിക്കും.