കാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
എടപ്പാൾ: അവധിക്കാലത്തും ബാലസംരക്ഷണ സ്ഥാപനങ്ങളിൽ തുടരേണ്ടിവരുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുകയും സമഗ്ര വികസനം ലക്ഷ്യമിടുകയും ചെയ്ത് മലപ്പുറം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന “വേനൽ മഴ” പദ്ധതിയുടെ ഭാഗമായി കാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. തവനൂരിലെ കേരള കാർഷിക സർവകലാശാല ക്യാമ്പസിലുള്ള ഇൻസ്ട്രക്ഷണൽ ഫാമിൽ വെച്ചാണ് പരിശീലനം നടന്നത്. മണ്ണിനോട് ആത്മബന്ധം വളർത്തുന്നതിനൊപ്പം സമൂഹത്തിന് ആവശ്യമായ വിളകൾ ഉൽപ്പാദിപ്പിച്ച് വിപണനം നടത്തി വരുമാനം കണ്ടെത്താൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. മഞ്ചേരി കുള്ളൻ വാഴയിൽ നിന്ന് മാക്രോ പ്രൊപഗേഷൻ രീതിയിലൂടെ കൂടുതൽ തൈകൾ ഉൽപ്പാദിപ്പിക്കുന്ന രീതി, വിവിധ ഗ്രാഫ്റ്റിംഗ്-ബഡിങ് രീതികൾ, വിത്ത് നടീൽ, കുറ്റി കുരുമുളക് കൃഷി, പച്ചക്കറി തൈ നിർമാണം, ഒരു കുഴിയിൽ മൂന്ന് വാഴ കൃഷി ചെയ്യുന്ന രീതി, ബയോ ഫോർട്ടിഫൈഡ് മധുരക്കിഴങ്ങ് കൃഷി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകി. പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഹീലിംഗ് ഗാർഡൻ ആരംഭിക്കുന്നതിനാവശ്യമായ മികച്ച വിത്തിനങ്ങൾ, തൈകൾ, ഗ്രോ ബാഗുകൾ, ചട്ടികൾ തുടങ്ങിയവയും വിതരണം ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അരീക്കാടൻ മമ്മു മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ആർ. ഗായത്രി ഉദ്ഘാടനം ചെയ്തു. ഹീലിംഗ് ഗാർഡൻ കിറ്റ് തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കർ സിദ്ദീഖ് വിതരണം ചെയ്തു. കേരള കാർഷിക സർവകലാശാല സൈന്റിസ്റ്റ് ഡോ. പി.കെ. അബ്ദുൽ ജബ്ബാർ പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റശ്ശേരി, മുഹ്സിൻ, ശിഹാബ് എന്നിവർ സംസാരിച്ചു. M1 EDPL CWC മലപ്പുറം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന “വേനൽ മഴ” പദ്ധതിയുടെ ഭാഗമായി നടന്ന കാർഷിക പരിശീലന ക്യാമ്പ് ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ആർ. ഗായത്രി നിർവഹിക്കുന്നു.