PONNANI

പാസിൽ തിരിമറി; മണൽലോറി പൊന്നാനിയിൽ പിടിയിൽ

പൊന്നാനി : മറ്റൊരു വാഹന നമ്പറിലുള്ള പാസുമായി കുറ്റിപ്പുറത്തെ കമ്പനിയിലേക്ക് പോവുകയായിരുന്ന മണൽ‌ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ പങ്കാളിത്തത്തോടെ തുറമുഖ വകുപ്പ് നടപ്പാക്കുന്ന പൊന്നാനി മോഡൽ മണലെടുപ്പിന്റെ ഭാഗമായുള്ള മണൽ ലോറിയാണ് പള്ളപ്രത്തു വച്ച് ഹൈവേ പൊലീസ് പിടികൂടിയത്. വാഹനത്തിന്റെ പാസ് പരിശോധിച്ചപ്പോഴാണ് വാഹന നമ്പറും പാസും തമ്മിൽ ചേരാതെ കണ്ടത്. ഉടൻ മണൽ ലോറി പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.

പാസിലെ പൊരുത്തക്കേട് ഉടൻ ജിയോളജി വിഭാഗത്തിന് റിപ്പോർട്ട് ചെയ്യും. പൊന്നാനി ഹാർബർ പ്രദേശത്തോടു ചേർന്ന് ഭാരതപ്പുഴയിൽനിന്ന് ഉപ്പുമണൽ വാരി കുറ്റിപ്പുറത്തെ സ്വകാര്യ കമ്പനിയിലെത്തിച്ച് ശുദ്ധീകരിച്ച ശേഷം തുറമുഖ വകുപ്പിന്റെ മേൽനോട്ടത്തിൽ വിൽപന നടത്തുന്ന പദ്ധതിയാണിത്. മണലെടുപ്പും വിൽപനയും പൂർണമായും തുറമുഖ വകുപ്പിന്റെ നിയന്ത്രണത്തിലാണ് നടക്കുന്നത്. കുറ്റിപ്പുറത്തെ രാജധാനി മിനറൽസ് കമ്പനിയാണ് മണൽ ശുചീകരിച്ച് വിൽപനയ്ക്കായി തയാറാക്കുന്നത്.

അംഗീകൃത മണൽ തൊഴിലാളികളുടെ നേതൃത്വത്തിലാണ് മണലെടുപ്പ് നടക്കുന്നത്. ഓരോ ദിവസവും വാരിയെടുക്കുന്ന മണൽ ശുദ്ധീകരിക്കുന്നതിനായി വലിയ ലോറികളിൽ കയറ്റി കുറ്റിപ്പുറത്തെ കമ്പനിയിലേക്ക് എത്തിക്കും. തുറമുഖ വകുപ്പ് ഓഫിസിൽനിന്ന് പാസ് അനുവദിച്ച ശേഷമാണ് മണൽ ലോറിയിലേക്കു കയറ്റുക. ലോറി നമ്പറും സമയവുമെല്ലാം പാസിൽ കൃത്യമായി രേഖപ്പെടുത്തണം. ഇന്നലെ അനുവദിച്ച പാസിൽ പിഴവ് സംഭവിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button