മാതാപിതാക്കള്‍ കോവിഡ് പോസിറ്റീവ്; ആറു മാസം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്ത് പോലീസ് കോണ്‍സ്റ്റബിള്‍
മാതാപിതാക്കൾ കോവിഡ് പോസിറ്റീവ്; ആറു മാസം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്ത് പോലീസ് കോൺസ്റ്റബിൾ.കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തെ മുമ്പെങ്ങുമില്ലാത്തവിധം വലച്ചിരിക്കുകയാണ്. രോഗം ഏതെങ്കിലും പ്രത്യേക പ്രായക്കാരെ മാത്രമല്ല ബാധിക്കുന്നത്. മറിച്ച് കോവിഡ് ആളുകളുടെ പ്രായമോ പ്രദേശമോ പരിഗണിക്കാതെ എല്ലാ ആളുകളെയും ഒരുപോലെയാണ് ബാധിക്കുന്നത്.
എന്നാൽ കൊച്ചുകുട്ടികളെ രോഗം നേരിട്ടും അല്ലാതെയുമാണ് ബാധിച്ചു കൊണ്ടിരിക്കുന്നത്. നിരവധി കുട്ടികൾക്ക് കോവിഡ് ബാധിച്ച് സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ മാതാപിതാക്കൾ പോസിറ്റീവായതിനെ തുടർന്ന് വീടുകളിൽ ഒറ്റപ്പെട്ടു പോയ നിരവധി കുട്ടികളുണ്ട്. അത്തരം കുട്ടികളെ സഹായിക്കുന്നതിനായി നിരവധി സന്ദേശങ്ങളും കോളുകളും സോഷ്യൽ മീഡിയയിൽ കാണാറുമുണ്ട്.
സമാനമായ ഒരു സാഹചര്യത്തിൽ, ജിടിബി നഗറിലെ റേഡിയോ കോളനിയിലെ ഒരു ദമ്പതികളുടെ ബന്ധു 6 മാസം പ്രായമുള്ള ആൺകുട്ടിയുടെ സംരക്ഷണത്തിനായി ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിളിനെ സമീപിച്ചതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. എൻഡിടിവിയിലെ ഒരു വാർത്താ റിപ്പോർട്ട് അനുസരിച്ച്, ആറുമാസം പ്രായമുള്ള ആൺകുട്ടിയുടെ മാതാപിതാക്കൾ കോവിഡ് പോസിറ്റീവായി. ഇരുവർക്കും ക്വാറൻറൈൻ നിർദ്ദേശിച്ചതോടെ നെഗറ്റീവായ പിഞ്ചുകുഞ്ഞിന്റെ എന്തു ചെയ്യുമെന്നറിയാതെ മാതാപിതാക്കൾ ആശങ്കാകുലരായി.
ലോക്ക്ഡൗൺ കാരണം അടിയന്തര പാസുകൾ ലഭിക്കാത്തതിനാൽ ഡൽഹിയിലെയും യുപിയിലെയും വിവിധ ഭാഗങ്ങളിലുള്ള ഇവരുടെ ബന്ധുക്കൾക്ക് കുഞ്ഞിന്റെ അടുക്കൽ എത്താനുമായില്ല. ഇവരുടെ അവസ്ഥ മനസ്സിലാക്കി മീററ്റിൽ നിന്നുള്ള ബന്ധുക്കളിൽ ഒരാൾ ഹെഡ് കോൺസ്റ്റബിൾ രാഖിയെ സമീപിച്ചു. ദമ്പതികളുടെ അവസ്ഥയെക്കുറിച്ച് അറിഞ്ഞ രാഖി മാതാപിതാക്കളെയോ ബന്ധുക്കളെ ലഭ്യമാകുന്നതുവരെ കുഞ്ഞിനെ പരിപാലിക്കാൻ തയ്യാറാകുകയായിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടപ്പോൾ കോൺസ്റ്റബിൾ കുട്ടിയെ ഉത്തർപ്രദേശിലെ മോദിനഗറിലെ മുത്തശ്ശിയുടെ വീട്ടിൽ എത്തിക്കുകയായിരുന്നു.