KERALALocal newsTHAVANUR

മധു വധക്കേസ്: പ്രതികൾ തവനൂരിലെ തടവറയിൽ

അട്ടപ്പാടി മധു വധക്കേസിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ തവനൂർ സെൻട്രൽ ജയിലിൽ എത്തിച്ചപ്പോൾ

തവനൂർ : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. ഏഴുവർഷം തടവിന് ശിക്ഷിച്ച 13 പ്രതികളെയാണ് മലമ്പുഴ ജില്ലാജയിലിൽനിന്ന് വ്യാഴാഴ്‌ച ഉച്ചയോടെ തവനൂരിലെത്തിച്ചത്.
ഒന്നാംപ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈൻ (59), രണ്ടാംപ്രതി മുക്കാലി കിളയിൽ മരക്കാർ (41), മൂന്നാംപ്രതി മുക്കാലി പൊതുവച്ചോല ഷംസുദീൻ (41), അഞ്ചാംപ്രതി മുക്കാലി താഴുശേരി രാധാകൃഷ്ണൻ (40), ആറാംപ്രതി ആനമൂളി പൊതുവച്ചോല അബൂബക്കർ (39), ഏഴാംപ്രതി മുക്കാലി പടിഞ്ഞാറപള്ള കുരിക്കൾ വീട്ടിൽ സിദ്ദിഖ് (46), എട്ടാംപ്രതി മുക്കാലി തൊട്ടിയിൽ ഉബൈദ് (33), ഒൻപതാംപ്രതി മുക്കാലി വിരുത്തിയിൽ നജീബ് (41), പത്താംപ്രതി മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോൻ (52), പന്ത്രണ്ടാംപ്രതി മുക്കാലി പൊട്ടിയൂർകുന്ന് പുത്തൻപുരയ്ക്കൽ സജീവ് (38), പതിമൂന്നാംപ്രതി മുക്കാലി കള്ളമല മുരിക്കട സതീഷ് (43), പതിനാലാംപ്രതി കള്ളമല ചെരുവിൽവീട്ടിൽ ഹരീഷ് (42), പതിനഞ്ചാംപ്രതി കള്ളമല ചെരുവിൽവീട്ടിൽ ബിജു (45) എന്നിവരെയാണ് തവനൂരിലെ ജയിലിലെത്തിച്ചത്.
പാലക്കാട് എ.ആർ. ക്യാമ്പിലെ എ.എസ്.ഐ. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ എത്തിച്ചത്.
പ്രതികളുമായി വ്യാഴാഴ്‌ച രാവിലെ ഒൻപതോടെ ജില്ലാജയിലിൽനിന്ന് യാത്രതിരിച്ച വാൻ പതിനൊന്നേമുക്കാലോടെ തവനൂരിലെത്തി. നടപടികൾ പൂർത്തിയാക്കി പന്ത്രണ്ടരയോടെ എല്ലാവരേയും ജയിലിനകത്തേയ്ക്ക് പ്രവേശിപ്പിച്ചു.
മൂന്നു സെല്ലുകളിലായാണ് പ്രതികളെ പാർപ്പിച്ചിരിക്കുന്നത്. ജയിലിനകത്തേക്കു കയറുമ്പോൾ മാധ്യമപ്രവർത്തകർക്കുനേരെ ആക്രോശിക്കാനും അസഭ്യം പറയാനും പ്രതികൾ മുതിർന്നു. ‘നിങ്ങളാണ് ഈ കോലത്തിലാക്കിയത്, എന്നിട്ടും മതിയായില്ലേ…’ എന്നായിരുന്നു ചോദ്യം. 16 പേരാണ് കേസിൽ ഉൾപ്പെട്ടിരുന്നതെങ്കിലും തെളിവുകളുടെ അഭാവത്തിൽ നാലും പതിനൊന്നും പ്രതികളെ കോടതി കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതേവിട്ടിരുന്നു. പതിനാറാംപ്രതി കള്ളമല വിരുത്തിയിൽ മുനീറിന് (28) മൂന്നുമാസത്തെ തടവും 500 രൂപ പിഴയുമാണ് വിധിച്ചത്. റിമാൻഡ് കാലാവധി ശിക്ഷയായി പരിഗണിച്ചതിനാൽ ഇയാൾക്ക് പിഴമാത്രമാണ് ഒടുക്കേണ്ടിവന്നത്. ബാക്കിവന്ന 13 പേരെയാണ് തവനൂരിലേക്കു മാറ്റിയത്. 2018 ഫെബ്രുവരി 22-നാണ് ഭക്ഷണത്തിന് അരി മോഷ്ടിച്ചെന്നാരോപിച്ച് മധുവിനെ ആൾക്കൂട്ടവിചാരണ നടത്തി കൊലപ്പെടുത്തിയത്. മണ്ണാർക്കാട് പട്ടികജാതി-വർഗ പ്രത്യേക കോടതിയാണ് കഴിഞ്ഞദിവസം പ്രതികൾക്ക് ശിക്ഷവിധിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button