കോളറ പ്രതിരോധം : പൊന്നാനിയിൽ യോഗം ചേർന്നു;ശുചിത്വം ഉറപ്പാക്കാൻ നിർദേശം
പൊന്നാനി: ജില്ലയിൽ കോളറ വ്യാപിക്കുന്ന സാഹചര്യത്തിൽ നഗരസഭയിൽ അടിയന്തരയോഗം വിളിച്ചുചേർത്തു. നഗരസഭാ പരിധിയിലെ ഹോട്ടൽ, റെസ്റ്റോറന്റ്, കൂൾബാർ ഉടമകളുടെ യോഗമാണ് വിളിച്ചത്.
കോളറ പ്രതിരോധത്തിന്റെ ഭാഗമായി ശുചിത്വം ഉറപ്പുവരുത്തുന്നതിന് നിർദേശിച്ചു. തിളപ്പിച്ചാറിയ കുടിവെള്ളം വിതരണം ചെയ്യുന്നതിന് നഗരസഭാ അധികൃതർ നിർദേശം നൽകി. നോമ്പുകാലത്ത് തെരുവോരങ്ങളിൽ വില്പനയ്ക്കായി തുറന്നുവെക്കുന്ന എണ്ണപ്പലഹാരങ്ങൾ ശുചിത്വം പാലിച്ച് പൊടിപടലങ്ങൾ കലരാതെ സുരക്ഷിതമായും സൂക്ഷിക്കണം. പാചകം ചെയ്ത ഭക്ഷണസാധനങ്ങൾ ഫ്രീസറിൽ സൂക്ഷിച്ച് വീണ്ടും പാകംചെയ്യുന്നത് നിർബന്ധമായി ഒഴിവാക്കാനും നിർദേശം നൽകി.
ജ്യൂസ്, ശീതളപാനീയങ്ങൾ എന്നിവ തയ്യാറാക്കാനായി ശുചിത്വമുള്ള ഐസ് മാത്രം ഉപയോഗിക്കുന്നതിന് നിർദേശം നൽകി. ഹോട്ടലുകളിലെ ശുചിത്വം ഉറപ്പാക്കുന്നതിന് നഗരസഭാ ഹെൽത്ത് സ്ക്വാഡ് പരിശോധന ശക്തമാക്കും.
നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ ഷീനാ സുദേശൻ, കൗൺസിലർ എം. ആബിദ, നഗരസഭാ സെക്രട്ടറി എസ്. സജിറൂൻ, ഹെൽത്ത് സൂപ്പർവൈസർ സുബ്രഹ്മണ്യൻ, ഹെൽത്ത് ഇൻസ്പെക്ടർ ആരിഷ് തുടങ്ങിയവർ പങ്കെടുത്തു.
പൊന്നാനിയിലെ ഉല്ലാസബോട്ടുകളിലും കർമ റോഡരികിലെ കടകളിലും കഴിഞ്ഞ ദിവസം ആരോഗ്യവിഭാഗം മിന്നൽ പരിശോധന നടത്തിയിരുന്നു.
ബോട്ടുകളിലും കടകളിലും ഉപയോഗിക്കുന്ന വെള്ളം, ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് എന്നിവയുടെ ഗുണനിലവാരം ആരോഗ്യവിഭാഗം പരിശോധിച്ചു. കൂടാതെ ബോട്ടിൽ കയറുന്നവരുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തണമെന്നും ബോട്ടിൽ ആഹാരസാധനങ്ങൾ വിതരണം ചെയ്യരുതെന്നും ബോട്ടിലെ മാലിന്യങ്ങൾ നഗരസഭാ ശുചീകരണവിഭാഗത്തിന് കൈമാറണമെന്നും നിർദേശം നൽകി.